
ഇടുക്കി: ഭാര്യ കിണറ്റിൽ വീണു മരിച്ചതിന്റെ മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു . കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കൽ കെ.എസ്. ഷിബു (36) ആണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷിബുവും കുടുംബവും വെള്ളയാംകുടിയിൽ വാടക വീട്ടിൽ താമസം തുടങ്ങിയത്.
ഇതിനിടയിൽ ഷിബുവിന്റെ ഭാര്യ കിണറ്റിൽ വീണ് മരിക്കുകയായിരുന്നു. ഭാര്യയുടെ അപ്രതീക്ഷിത വിയോഗത്തിലുണ്ടായ കടുത്ത മനോവിഷമമാണ് ഷിബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾക്ക് നാല് മക്കളുണ്ട്. ഷിബുവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





