നാദാപുരത്ത് സ്കൂൾ ജീപ്പിന്റെ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് 10 വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്: നാദാപുരത്ത് സ്കൂൾ ജീപ്പിൽ നിന്ന് തെറിച്ചുവീണ് പത്തുവയസ്സുകാരന് പരിക്ക്. ആവോലം സി.സി.യു.പി സ്കൂളിലെ വിദ്യാർത്ഥിയായ പാറക്കടവ് സ്വദേശി പൊക്കുന്നുമ്മൽ ഇൻസാഫ് റഹ്മാനാണ് (10) അപകടത്തിൽപ്പെട്ടത്. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ പാറക്കടവ് പട്ടാണി പെട്രോൾ പമ്പിന് സമീപം വെച്ചായിരുന്നു സംഭവം.
ഇന്നലെ വൈകുന്നേരം 4.10-ഓടെയാണ് അപകടമുണ്ടായത്. സ്കൂൾ ജീപ്പിൽ പാറക്കടവിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇൻസാഫ് റഹ്മാൻ. ഇതിനിടെ, ജീപ്പിന്റെ പിൻവശത്തെ വാതിൽ അശ്രദ്ധമായി തുറന്നതിനെത്തുടർന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ജീപ്പ് ഡ്രൈവർ അശ്രദ്ധമായും യാത്രക്കാരുടെ ജീവന് അപകടം വരുത്തുന്ന രീതിയിലും വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.





