ലഹരി വിൽപന കേന്ദ്രമായി മാറിയ കട ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി; ഇടുക്കിയിൽ പോലീസിന്റെ കർശന നടപടി

മൂന്നാർ: നിരോധിത ലഹരിവസ്തുക്കൾ വിൽപന നടത്തിവന്ന കട ഇടുക്കി പൂപ്പാറയിൽ പോലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. സംസ്ഥാനത്ത് ഇത്തരത്തിലൊരു നടപടി ആദ്യമായാണെന്നത് ശ്രദ്ധേയമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ കീഴിലായിരുന്നു പോലീസിന്റെ മിന്നൽ നീക്കം.
സർക്കാർ ഭൂമി കയ്യേറി ഈശ്വരൻ എന്നയാൾ പൂപ്പാറയിൽ നടത്തിവന്ന കട കേന്ദ്രീകരിച്ചാണ് ലഹരി വിൽപന സജീവമായിരുന്നത്. ഇയാൾക്കെതിരെ ശാന്തൻപാറ പോലീസ് അഞ്ചുതവണ കേസെടുത്തിട്ടും കച്ചവടം തുടരുകയായിരുന്നു. ഇതേത്തുടർന്ന് കട ഒഴിഞ്ഞുപോകാമെന്ന് പോലീസ് നോട്ടീസ് നൽകി. എന്നാൽ, നടപടികൾ തടയാനായി ഉടമ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കട പ്രവർത്തിക്കുന്ന ഭൂമിക്ക് മതിയായ രേഖകളില്ലാത്തതിനാൽ കോടതി ഹർജി തള്ളുകയായിരുന്നു.
കോടതി വിധി അനുകൂലമായതോടെയാണ് പഞ്ചായത്തിന്റെ പിന്തുണയോടെ പോലീസ് കട പൂർണ്ണമായും ഇടിച്ചുനിരത്തിയത്. മുൻകൂർ നോട്ടീസ് ലഭിച്ചില്ലെന്ന് കടയുടമ വാദിക്കുന്നുണ്ടെങ്കിലും നിയമം ലംഘിച്ച് പ്രവർത്തിച്ചതിനാലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി.
ലഹരി മാഫിയകൾക്കെതിരെ കർശന നിലപാട് തുടരുമെന്നും, ഇത്തരം അനധികൃത കേന്ദ്രങ്ങൾ കണ്ടുപിടിച്ച് പൊളിച്ചുനീക്കുന്നത് തുടരുമെന്നും ഇടുക്കി പോലീസ് അറിയിച്ചു. ലൈസൻസുള്ള കടകളാണെങ്കിൽ ലഹരി വിൽപന കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.





