
ഇടുക്കി : ഇടുക്കിയുടെ ജലസമൃദ്ധിക്ക് കരുത്തേകുന്ന മലങ്കര അണക്കെട്ട് അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക്. അണക്കെട്ടിന്റെ മൊത്തം സംഭരണശേഷിയുടെ പകുതിയോളം ഭാഗം ഇപ്പോൾ മണ്ണും ചെളിയും അടിഞ്ഞുകൂടി നികന്ന അവസ്ഥയിലാണെന്ന് കേരള എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ.
അഞ്ച് വർഷം മുമ്പ് നടത്തിയ പഠനത്തിൽത്തന്നെ സംഭരണശേഷിയുടെ 48.95 ശതമാനവും ചെളി നിറഞ്ഞതായി തെളിഞ്ഞിരുന്നുവെങ്കിലും, ഇത് നീക്കം ചെയ്യാനുള്ള നടപടികൾ ഇത്രയും കാലം വൈകിയത് വലിയ വീഴ്ചയായി മാറി. ഈ അവസ്ഥ മൂലം ഡാമിന് ജലം സംഭരിക്കാനുള്ള കഴിവ് വലിയ തോതിൽ നഷ്ടപ്പെട്ടുകഴിഞ്ഞു.
ചെറിയ മഴയിൽപ്പോലും ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇതിന്റെ ദുരിതം അനുഭവിക്കുന്നത് തൊടുപുഴ, മൂവാറ്റുപുഴ നഗരങ്ങളിലെ ജനങ്ങളാണ്; കനത്ത വെള്ളപ്പൊക്കവും വെള്ളക്കെട്ടും ഇവിടുത്തെ നിത്യസംഭവമായി മാറിയിരിക്കുന്നു. കൂടാതെ, മൂലമറ്റത്തെ വൈദ്യുതോത്പാദനം വർദ്ധിക്കുമ്പോൾ അധിക ജലം മലങ്കരയിലേക്ക് എത്തുകയും, അപ്പോഴും ഷട്ടറുകൾ തുറന്ന് ജലനിരപ്പ് ക്രമീകരിക്കേണ്ടി വരികയും ചെയ്യുന്നു.
കണക്കുകൾ പ്രകാരം പ്രതിവർഷം 2745 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇങ്ങനെ പാഴാകുന്നത്. ആകെ നീക്കം ചെയ്യേണ്ടത് 18 ദശലക്ഷം ഘനമീറ്റർ ചെളിയും എക്കലുമാണ്. ഒടുവിൽ, വർഷങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഡീ സിൽറ്റേഷനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി ജലവിഭവ വകുപ്പ് അറിയിച്ചു.കാഞ്ഞാർ പാലം മുതൽ അണക്കെട്ട് വരെയുള്ള പ്രദേശത്തായിരിക്കും ആദ്യഘട്ട ശുചീകരണം നടക്കുക. മൂന്ന് വർഷത്തിനുള്ളിൽ അണക്കെട്ടിന്റെ പഴയ സംഭരണശേഷി വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.





