World

ഒന്നും രണ്ടും അല്ല; വ്യാജൻ പൈലറ്റായി പറന്നത് 16 വർഷം, അന്താരാഷ്ട്ര സർവീസുകളടക്കം 900 വിമാനങ്ങൾ പറത്തിയ ക്യാപ്റ്റൻ അറസ്റ്റിൽ

Please complete the required fields.




ടൊറന്റോ: ആവശ്യമായ യോഗ്യതാ ലൈസൻസില്ലാതെ പതിനാറ് വർഷത്തോളം വാണിജ്യ വിമാനങ്ങൾ പറത്തിയ എയർ കാനഡയിലെ റിട്ടയേഡ് പൈലറ്റ് ജിയോഫ്രി വാൾ അറസ്റ്റിലായി.
അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ തൊള്ളായിരത്തിലധികം വിമാനങ്ങൾ പറത്തിയ ശേഷമാണ് കാനഡയിൽ വെച്ച് ഇയാൾ കനേഡിയൻ പോലീസിന്റെ പിടിയിലാകുന്നത്.

ക്യാപ്റ്റനായി സേവനമനുഷ്ഠിക്കാൻ ആവശ്യമായ നിയമപരമായ ലൈസൻസുകളോ നിർബന്ധിത വൈദ്യ-സാങ്കേതിക പരിശോധനകളോ ഇല്ലാതെയായിരുന്നു ജിയോഫ്രി വാളിന്റെ ദീർഘകാലത്തെ ആകാശയാത്രകൾ.2009 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഇയാൾ 900-ലേറെ വിമാന സർവീസുകൾ നടത്തിയത്. എയർ കാനഡയിൽ പൈലറ്റ് ഇൻ കമാൻഡ് ആയിരുന്ന സമയത്ത് ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനങ്ങളായ ബോയിങ് 767, 777, 787 എന്നിവയാണ് ഇയാൾ പറത്തിയിരുന്നത്.

ഈ കാലയളവിൽ ശമ്പളയിനത്തിൽ മാത്രം മുപ്പത് ലക്ഷം കനേഡിയൻ ഡോളർ ഇയാൾ കൈപ്പറ്റിയതായി പീൽ റീജിയണൽ പോലീസ് ഡെപ്യൂട്ടി ചീഫ് മിലിനോവിച്ച് വ്യക്തമാക്കി.
എയർ കാനഡയിലെ 27 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ സാധാരണ വിമാനങ്ങൾ പറത്താനുള്ള കൊമേഴ്‌സ്യൽ ലൈസൻസ് വാളിനുണ്ടായിരുന്നു. എന്നാൽ 2009-ൽ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചതോടെ വലിയ യാത്രാവിമാനങ്ങൾ പറത്താൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ‘എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് ഫോർ എയ്റോപ്ലെയിൻസ്’ (ATPL-A) ഇയാൾ നേടിയിരുന്നില്ല.ഒരു ഫാമിലി ഡോക്ടർ മതിയായ യോഗ്യതയോ ലൈസൻസോ ഇല്ലാതെ ബ്രെയിൻ സർജറി നടത്തുന്നതിന് സമാനമായ ഗുരുതര വീഴ്ചയാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

2025-ൽ കമ്പനിയിൽ നടന്ന പതിവ് രേഖാപരിശോധനയ്ക്കിടയിലാണ് വാളിന്റെ അയോഗ്യത പുറത്തുവരുന്നത്. തുടർന്ന് എയർ കാനഡ അധികൃതരെ വിവരമറിയിക്കുകയും അന്വേഷണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇയാൾ ജോലിയിൽ നിന്നും വിരമിക്കുകയുമായിരുന്നു.
തുടർന്നുള്ള വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Articles

Back to top button