World

നാഗ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; സ്റ്റീൽ കോയിലുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തിയ 1.49 കോടിയുടെ കഞ്ചാവ് പിടികൂടി

Please complete the required fields.




നാ​ഗ്പൂർ : നാഗ്പൂരിൽ അന്തർസംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളെ പിടികൂടി. ട്രക്കിൽ കടത്താൻ ശ്രമിച്ച 1.49 കോടി രൂപ വിലമതിക്കുന്ന 150 കിലോയിലധികം കഞ്ചാവ് നാഗ്പൂർ പൊലീസ് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് വരികയായിരുന്ന ട്രക്കിൽ സ്റ്റീൽ കോയിലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ ജോഗേഷ് ധർമ്മോധർ ദേവൂരി (30), മഹേന്ദ്ര ഇർദ ദേവൂരി (40) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ നാഗ്പൂർ നഗരത്തിലെ ഔട്ടർ റിംഗ് റോഡിലെ ഒരു ഭക്ഷണശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാവിലെ പൊലീസിന്റെ സോഷ്യൽ സെക്യൂരിറ്റി ബ്രാഞ്ച് നടത്തിയ വിശദമായ പരിശോധനയിലാണ് 21.26 ടൺ സ്റ്റീൽ കോയിലുകൾക്ക് പിന്നിൽ ഒളിപ്പിച്ച നിലയിൽ 150.52 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംശയം ഒഴിവാക്കാനായാണ് സംഘം സ്റ്റീൽ കോയിലുകൾ മറയായി ഉപയോഗിച്ചത്. ഫോൺ ട്രാക്ക് ചെയ്യുന്നത് ഒഴിവാക്കാൻ പ്രതികൾ നാഗ്പൂരിന് ഏകദേശം 200 കിലോമീറ്റർ മുമ്പുവച്ച് അവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മാസമായി ശൃംഖല നിരീക്ഷിച്ചു വരികയായിരുന്നുവെന്നും ചരക്ക് മുംബൈയിലേക്കാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഒഡീഷ ആസ്ഥാനമായുള്ള വിതരണക്കാരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button