Ernakulam

നെടുമ്പാശ്ശേരിയിൽ ഇറങ്ങാനെത്തിയ വിമാനം താഴ്ന്നുപറന്നു; വീടിന്റെ മേൽക്കൂരയിലെ 120 ഓടുകൾ തകർന്നു വീണു

Please complete the required fields.




കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പെരുമ്പാവൂരിൽ വീടിന്റെ മേൽക്കൂര തകർന്നു.

പെരുമ്പാവൂർ ഒക്കൽ നമ്പിള്ളി കവല സ്വദേശിയായ മാണിക്കത്താൻ എം.വി. ജോയിയുടെ വീടിനാണ് വിമാനം സൃഷ്ടിച്ച ശക്തമായ വായുസമ്മർദ്ദം മൂലം നാശനഷ്ടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയായിരുന്നു നടുക്കുന്ന സംഭവം.വിമാനം വളരെ താഴ്ന്ന നിലയിൽ വീടിനു മുകളിലൂടെ കടന്നുപോയതോടെ മേൽക്കൂരയിലുണ്ടായിരുന്ന നൂറ്റിയിരുപതോളം ഓടുകൾ ഒന്നിനുപുറകെ ഒന്നായി താഴേക്ക് പറന്നുപോവുകയും തകർന്നു വീഴുകയുമായിരുന്നുവെന്ന് വീട്ടുകാർ വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്ന വിമാനങ്ങൾ ഈ വ്യോമമേഖലയിലൂടെ പതിവിലും വിപരീതമായി താഴ്ന്നുപറന്നതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നുണ്ട്.ഈ പ്രദേശത്ത് വിമാനങ്ങൾ സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള നാശനഷ്ടങ്ങൾ ഇതാദ്യമല്ലെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. മുൻപും സമാനമായ രീതിയിൽ വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശവാസിയായ പണ്ടാല പ്രസാദ് എന്നയാളുടെ വീടിന്റെ മേൽക്കൂരയ്ക്ക് മൂന്ന് തവണ കേടുപാടുകൾ സംഭവിച്ചിരുന്നു.

മുൻപ് ഉണ്ടായ ഇത്തരം അപകടങ്ങളിൽ കൊച്ചി രാജ്യാന്തര വിമാനത്താവള അതോറിറ്റിക്ക് (സിയാൽ) കൃത്യമായി പരാതി നൽകിയിരുന്നെങ്കിലും അർഹമായ യാതൊരുവിധ നഷ്ടപരിഹാരവും ഇതുവരെ ലഭ്യമായിട്ടില്ലെന്ന ശക്തമായ പ്രതിഷേധവും നാട്ടുകാർക്കുണ്ട്.

Related Articles

Back to top button