കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴ; കാലവർഷം മെയ് 26 ഓടെ എത്തിയേക്കും, വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽ നിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്ക് മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി (trough) സ്ഥിതി ചെയ്യുന്നുണ്ട്.
കാലവർഷം കേരളത്തിൽ മെയ് 26 ഓടെ എത്താൻ സാധ്യത ( 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം ) . മെയ് 20 മുതൽ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





