അയാള്‍ നിന്നെ വിടില്ല, പണി തന്നിരിക്കും’; മോഡലിങ്ങിൻ്റെ മറവില്‍ മനുഷ്യക്കടത്ത്, പ്രതി അലീനയുടെ ഭീഷണി സന്ദേശം പുറത്ത്

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ പിടിയിലായ അലീനയുടെ ഭീഷണി സന്ദേശം പുറത്ത്. കേസുമായി ബന്ധപ്പെട്ട രഹസ്യ മൊഴി നല്കാന് എത്തിയ പരാതിക്കാരിക്കാണ് ഭീഷണി സന്ദേശം അയച്ചത്.
പൊലീസില്‍ പരാതിപ്പെട്ടതിനാണ് ഭീഷണി. ‘അയാള്‍’ വിടില്ലെന്നാണ് മുന്നറിയിപ്പ്. പണി തരുമെന്നും അലീന പറയുന്നു. അലീനയുടെ ആണ് സുഹൃത്തായ ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.മാത്രമല്ല, സിനിമാ സീരിയല്‍ താരങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. മുഖ്യപ്രതി സിന്ധുവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനിയുമായി ചില താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. സെക്സ് റാക്കറ്റുമായും താരങ്ങള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
സെക്സ് റാക്കറ്റിനെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടറിന് ലഭിച്ചത്. ഓരോതവണയും ലൈംഗിക ചൂഷണത്തിന് 2500 രൂപയാണ് സംഘത്തിന് ലഭിക്കുക. അങ്ങനെ ലക്ഷങ്ങളുടെ ഇടപാടുകളാണ് സംഘത്തിന് ലഭിക്കുന്നത്. മുഖ്യപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യും.ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയാണ് അലീന മോഡലുകളെ ദുബായിലെത്തിച്ചത്. ദുബായിൽ വെച്ച് യുവതികൾ നേരിട്ടത് ക്രൂരപീഡനമെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടികളെ ലഹരി നൽകി മയക്കിയ ശേഷം ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ ഫോണിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും യുവതികളെ പലർക്കും മുൻപിൽ കാഴ്ചവെച്ചെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാത്തിക്കാരിയായ യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കിയെന്നും യുവതി പറഞ്ഞു.
‘ഇവിടെ നിന്ന് പറഞ്ഞതല്ല അവിടെ എത്തിയപ്പോള്‍ സംഭവിച്ചത്. വലിയൊരു ട്രാപ്പായിരുന്നു. അവിടെ ഇതുപോലെ പെട്ടുകിടക്കുന്ന ഒരുപാട് പേരുണ്ട്. കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി. കരയുകയാണ് അവര്‍. എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞത് സിന്ധുവാണ്.
ഒരു ആശുപത്രിയില്‍ വെച്ചാണ് സിന്ധുവിനെ പരിചയപ്പെട്ടത്. മേക്കപ്പ് ആര്‍ടിസ്റ്റാണെന്ന് പറഞ്ഞപ്പോള്‍ വേക്കന്‍സി തരാമെന്ന് പറഞ്ഞു. ഇവര്‍ നമുക്ക് മയക്കുമരുന്ന് നല്കി ഒരുപാട് കാര്യങ്ങള്‍ പറയിപ്പിച്ചു. ഇവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തെന്ന് പോലും ഓര്‍മയില്ല.
പ്രതികരിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ നമ്മുടെ ശരീരം തളര്‍ത്തിയിടും. ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു. പ്രതിപ്പട്ടികയില്‍ പോലും പേരില്ലാത്ത ഒരു കുട്ടിയുണ്ട്, അവളാണ് ഇതെല്ലാം ചെയ്തത്’, യുവതി പറഞ്ഞു.





