ബൈക്കുമായി ബസ് മുന്നോട്ടെടുത്തതോടെ ടാങ്ക് പൊട്ടി, വാതിൽ ലോക്കായത് ദുരന്തത്തിന്റെ ആഘാതം കൂട്ടി; ഇറങ്ങിയോടിയ ഡ്രൈവർക്കായി തിരച്ചിൽ

കുർനൂൽ: ആന്ധ്രപ്രദേശിലെ കുർനൂലിൽ വെള്ളിയാഴ്ച പുലർച്ചെ ഇരുചക്ര വാഹനത്തിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ ബസ് കത്തി 12 പേർ വെന്തുമരിച്ചതായാണ് റിപ്പോർട്ട്. രക്ഷപ്പെട്ടവരിൽ പലരും ഗുരുതരമായ പൊള്ളലേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്സിൽ ഡ്രൈവറും ജീവനക്കാരും ഉൾപ്പെടെ 40 പേരാണ് യാത്രചെയ്‌തിരുന്നത്. കുർനൂൽ ജില്ലയിലെ ദേശീയപാത 44-ൽ ഉല്ലിന്ദകൊണ്ടയ്ക്ക് സമീപം പുലർച്ചെ 3.30-ഓടെയാണ് അപകടം. തീ മിനിറ്റുകൾക്കകം ബസ്സിനെ ആകെ വിഴുങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഹൈദരാബാദിൽനിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസ്, ഒരു ബൈക്കിലിടിച്ച് കുറച്ചുദൂരം മുന്നോട്ടുപോവുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇതേത്തുടർന്ന് ബസ്സിനടിയിൽനിന്ന് തീ ആളിപ്പടർന്നു. 12 യാത്രക്കാർ എക്സിറ്റുവഴിയും ജനൽച്ചില്ലുകൾ തകർത്തും പുറത്തുകടന്നു. എസി ബസ്സായതിനാലും ഡോർ ലോക്കായതിനാലും പുറത്തുകടക്കാനാവാതെ പലരും വെന്തുമരിച്ചു. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. അതേസമയം, ഡ്രൈവറും ബസ് ജീവനക്കാരും സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുകയാണ്.
തീപ്പൊരി ഉയർന്ന് രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ ബസ് കത്തിച്ചാമ്പലായെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഈസമയത്ത് പലരും ഉറക്കത്തിലായിരുന്നതും രക്ഷപ്പെടുന്നതിന് വിഘാതമായിട്ടുണ്ടെന്നാണ് വിവരം. 15 യാത്രികർ സർക്കാർ ആശുപത്രിയിലും മൂന്നുപേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
കത്തിക്കരിഞ്ഞവരിൽ ചിലരെ തിരിച്ചറിയാൻ പ്രയാസം നേരിടുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ബസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.





