കേരളത്തിന്‍റെ ദീർഘകാല സ്വപ്നമായ കുതിരാൻ തുരങ്കത്തിന്‍റെ ഒരു പാത തുറന്നു. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് പാത പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. കുതിരാനിലെ ദേശീയപാതയിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും തുരങ്കം.
കേരളത്തിന്‍റെ 7 വർഷത്തെ കാത്തിരിപ്പാണ് വാഹനങ്ങൾ വരുന്നതോടെ പൂർത്തിയാകുന്നത്. യാതൊരു തരത്തിലുമുള്ള ഉദ്ഘാടന ചടങ്ങും ഇല്ലാതെയാണ് കുതിരാൻ തുരങ്കത്തിന്‍റെ ഇടതുവശത്തെ പാതയിലൂടെ വാഹനങ്ങൾ കടത്തി വിട്ടത്.
കുതിരാൻ തുരങ്കം തുറക്കുന്നതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതല്ലാതെ യാതൊരു തരത്തിലുള്ള ഔദ്യോഗിക അറിയിപ്പും സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചിരുന്നില്ല. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ തുരങ്കം തുറന്നു കൊടുക്കുന്ന സമയത്ത് കുതിരാനിലെത്തി.
ചരക്ക് നീക്കത്തിന്‍റെ പുത്തൻ വാഗ്ദാനമായ തുരങ്കത്തിന്‍റെ ജോലികൾ 2014 ലാണ് ആരംഭിച്ചത്. തുരങ്കമുഖങ്ങളിലെ മണ്ണ് നീക്കം ചെയ്യുന്ന ജോലിയാണ് അന്ന് തുടങ്ങിയത്. 30 മാസങ്ങൾക്കൊണ്ട് പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. എന്നാൽ 2016 മെയ് 13ന് മാത്രമാണ് കുതിരാനിൽ പാറ പൊട്ടിക്കാനായത്.
ദക്ഷിണേന്ത്യയിലെ ഹൈവേയിലുള്ള ആദ്യ ഇരട്ടക്കുഴൽ തുരങ്കമാണ് കുതിരാനിലേത്. 965 മീറ്റർ നീളമാണ് തുരങ്കത്തിനുള്ളത്. കുതിരാൻ മേഖലയിലുണ്ടാകാറുള്ള 75 ശതമാനം യാത്രാക്ലേശവും തുരങ്കത്തിലെ ഒരു പാത തുറക്കുന്നതോടെ ഇല്ലാതാകും