Kerala

തമിഴകത്ത് വിജയ് യുഗം! 118 എന്ന മാന്ത്രിക സംഖ്യ തൊട്ട് ടിവികെ; ഗവർണറെ കാണാൻ ദളപതി ഒരുങ്ങുന്നു

Please complete the required fields.




തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ഭരണത്തിലേക്ക്. സർക്കാർ രൂപീകരിക്കാനാവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ ഇടതുപക്ഷ പാർട്ടികളുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ വിജയ് ഉറപ്പിച്ചു.

ടിവികെയ്ക്ക് പിന്തുണ നൽകുന്ന കാര്യത്തിൽ തമിഴ്‌നാട്ടിലെ പാർട്ടി നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഡൽഹിയിൽ വ്യക്തമാക്കി.
സിപിഐ, വിസികെ തുടങ്ങിയ പാർട്ടികളുടെ ദേശീയ നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നിലപാടെന്നും വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന നേതൃത്വങ്ങളുടെ ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിയമസഭയിൽ 107 എംഎൽഎമാരുള്ള ടിവികെയ്ക്ക്, അഞ്ച് അംഗങ്ങളുള്ള കോൺഗ്രസും രണ്ട് വീതം അംഗങ്ങളുള്ള സിപിഐ, സിപിഎം, വിസികെ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭൂരിപക്ഷം തികഞ്ഞത്.ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്ചത്തെ സമയം വിജയ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ കീഴ്വഴക്കങ്ങൾ ലംഘിക്കുകയാണെന്ന് എം.എ ബേബി വിമർശിച്ചു. ഭൂരിപക്ഷം ഉറപ്പിച്ച പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വൈകുന്നേരം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

മേയ് നാലിന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെത്തുടർന്ന് വലിയ രാഷ്ട്രീയ അനിശ്ചിതത്വമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും വിജയിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിച്ചിരുന്നില്ല.തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ളവരുടെ ഇടപെടലാണ് പിന്തുണ ഉറപ്പാക്കാൻ സഹായിച്ചത്. സഖ്യകക്ഷികളെ നേരിട്ട് കാണാതെ വാട്ട്‌സ്ആപ്പ് വഴി പിന്തുണ തേടിയ വിജയ്‌യുടെ ശൈലിയെ വിസികെ പോലുള്ള കക്ഷികൾ വിമർശിച്ചെങ്കിലും, ബിജെപി ഭരണം തമിഴ്‌നാട്ടിൽ അടിച്ചേൽപ്പിക്കാനുള്ള ഗവർണറുടെ നീക്കം തടയാനാണ് വിജയ്‌യെ പിന്തുണയ്ക്കുന്നതെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button