കൊല്ലം: 45 വർഷമാണ് കൊല്ലം ശാസ്താംകോട്ട കാരാളിമുക്കിലെ ആ ഉമ്മ മകനെയും കാത്തിരുന്നത്. എല്ലാവരും വിമാനാപകടത്തിൽ മരിച്ചെന്ന് പറഞ്ഞിട്ടും ആ ഉമ്മ ഉറച്ച് വിശ്വസിച്ചിരുന്നു. ” ഞാൻ പ്രാർത്ഥിച്ചിരിന്നു, അവൻ ജീവിച്ചിരിക്കുന്നുണ്ടെങ്കില് ഞാൻ മരിക്കും മുമ്പ് എന്നെ വന്നു കാണണം” ആ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്.
വിമാനാപകടത്തിൽ മരിച്ചെന്ന് കരുതിയ കൊല്ലം ശാസ്താംകോട്ട സ്വദേശി സജാദ് 45 വർഷങ്ങൾക്കു ശേഷം ഇന്ന് തിരിച്ചുവന്നു. വലിയ സ്വീകരണമാണ് സജാദിന് നാട്ടുകാരും ബന്ധുക്കളും നൽകിയത്. 1976ൽ തെന്നിന്ത്യൻതാരമായിരുന്നു റാണിചന്ദ് ഉൾപ്പെടെയുള്ളവർ മരിച്ച വിമാനാപകടത്തിൽ സജാദ് മരിച്ചുവെന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. കഴിഞ്ഞദിവസമാണ് സജാദ് മരിച്ചില്ലെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. മുംബൈയിലെ പനവേലിലെ ഒരു ആശ്രമത്തിൽ സജാദുണ്ടെന്ന് വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്. ഇതിനെ തുടർന്ന് ബന്ധുക്കൾ മുംബൈയിലെത്തി സജാദിനെ നാട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു. 19-ാം വയസിലാണ് സജാദ് കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മറികടക്കാൻ കപ്പൽ വഴി ദുബൈയിലേക്ക് പോയത്.
പിന്നീട് അവിടെ കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന ആളായി പണിയെടുക്കുകയായിരുന്നു. ദുബൈയിൽ സജാദ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ശേഷം മടങ്ങുകയായിരുന്ന റാണി ചന്ദ് ഉൾപ്പടെയുള്ള 95 പേർ മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനാപകടത്തിൽ മരിക്കുകയായിരുന്നു. ആ വിമാനത്തിൽ സജാദും മരിച്ചെന്നാണ് ബന്ധുക്കളും കരുതിയിരുന്നത്. പക്ഷേ ആ വിമാനത്തിൽ സജാദിന് പകരം അദ്ദേഹത്തിന്റെ സുഹൃത്താണ് യാത്ര ചെയ്തത്. താൻ കാരണം 95 പേർ മരിച്ചെന്ന കുറ്റബോധത്തിലാണ് സജാദ് മറ്റുള്ളവരിൽ നിന്ന് അകന്നു കഴിഞ്ഞത്. പിന്നീട് മുംബൈയിലെ ഒരു ആശ്രമത്തിൽ കഴിഞ്ഞ സജാദ് ആശ്രമം അധികൃതരോട് തന്‍റെ കേരളത്തിലുള്ള കുടുംബത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു. അതിനെ തുടർന്ന് ആശ്രമം അധികൃതരാണ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചത്.
സജാദിന്‍റെ കുടുംബം മാത്രമല്ല നാട് മുഴുവൻ സജാദിനെ സ്വീകരിക്കാൻ വീട്ടിലെത്തിയിരുന്നു. വികാരസാന്ദ്രമായ രംഗത്തിനാണ് ശാസ്താംകോട്ട കുളവയല്‍ വീട് സാക്ഷ്യം വഹിച്ചത്.സജാദിനെ കണ്ടതോടെ വാക്കുകൾ കിട്ടാതെ ഉമ്മ പൊട്ടികരയുകയായിരുന്നു.