
കേരളത്തിൽ ധനസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് നാളെ മുതല്‍ ഉണ്ടാവില്ല. 2019 ഓഗസ്റ്റ് മാസത്തിലാണ് ഒരു ശതമാനം അധിക നികുതി കേരളത്തിന് മാത്രമായി ഏർപ്പെടുത്തിയത്. കേന്ദ്ര- സംസ്ഥാന ജിഎസ്ടികൾക്ക് പുറമെയായിരുന്നു ഈ ഒരു ശതമാനം നികുതി. ഇതോടെ സെസ് ഏർപ്പെടുത്തിയ സാധനങ്ങളുടെ വില കുറയും. കേരളത്തിൽ വിൽക്കുന്ന 12ശതമാനം, 18 ശതമാനം 28ശതമാനം ജിഎസ്ടിയുള്ള ആയിരത്തോളം ഉൽപ്പന്നങ്ങൾക്ക് ഒരു ശതമാനവും സ്വർണം, വെള്ളി എന്നിവയ്ക്ക് കാൽശതമാനവും ആയിരുന്നു പ്രളയ സെസ്. സ്വർണം, വെള്ളി, ഗൃഹോപകരണങ്ങൾ വാഹനങ്ങൾ, ഇൻഷുറൻസ്, റീചാർജ് തുടങ്ങിയവയ്ക്കൊക്കെ നാളെ മുതൽ ഈ നികുതി ഈടാക്കാൻ പാടില്ല. അതിനാൽ തന്നെ ചെറിയ തോതിലുള്ള വിലക്കുറവ് ഉണ്ടാകും.രണ്ട് വർഷമായിരുന്നു പ്രളയ സെസ് പിരിക്കാനുള്ള കാലാവധി.
നാളെ മുതൽ സാധനങ്ങളുടെ മേൽ വ്യാപാരികൾ പ്രളയ സെസ് ഈടാക്കുന്നില്ലെന്ന് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു. നിലവിൽ ലഭിക്കുന്ന വിലയിൽ സാധനത്തിനുള്ള വില, കേന്ദ്ര ജിഎസ്ടി, സംസ്ഥാന പ്രളയ സെസ്, ആകെ വിൽപ്പന വില എന്നിങ്ങനെ രേഖപ്പെടുത്തുമായിരുന്നു. നാളെ മുതൽ ഇതിലെ പ്രളയ സെസ് ഉണ്ടാകില്ല. ഇത് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്. പ്രളയ സെസ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതായി വ്യാപാരികളും അറിയിച്ചു.