കോഴിക്കോട് പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു
കോഴിക്കോട് : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൗസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിൻ്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിൻ്റെ കോളിംഗ് ബെൽ കുറേ തവണ അടിച്ചു. തുടർന്ന് വാതിലിൻ്റെ കർട്ടൺ ഉയർത്തി നോക്കിയപ്പോൾ പുറത്ത് ആരെയും കണ്ടില്ല.
പിന്നെ എന്തോ അടിച്ച് തകർത്ത ശബ്‌ദം കേട്ടെന്ന് ഫാത്തിമ പറഞ്ഞു. ഉടൻ സമീപത്തെ ബന്ധുവിനെ വിവരം അറിയിച്ചു. അവർ വരുമ്പോൾ വീടിനു പുറത്ത് സ്‌കൂട്ടറുമായി ഒരാൾ ഉണ്ടായിരുന്നു. പെട്ടെന്ന് അയാൾ അവിടുന്ന് വണ്ടി എടുത്ത് പോയി. പിന്നീട് പുറത്ത് ഇറങ്ങി നോക്കുമ്പോഴാണ് വരാന്തയില ജനൽചില്ലും മെയിൻസ്വിച്ച് ബോഡുമെല്ലാം തകർത്ത നിലയിൽ കണ്ടതെന്ന് ഫാത്തിമ പറഞ്ഞു. സംഭവത്തിൽ പയ്യോളി പോലിസിൽ പരാതി നൽകി.