Kerala

ഇനി സൗജന്യമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ.പി ടിക്കറ്റിന് ഇന്നി 10 രൂപ ഫീസ്

Please complete the required fields.




കോഴിക്കോട് : സ്ഥാപിതമായ കാലം മുതൽ ലഭിച്ച സൗജന്യം ഇനി ലഭിക്കില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം.

മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒ പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലുള്ള മുതല്‍ക്കൂട്ടാവും. ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Related Articles

Back to top button