
വടകര : ചെരണ്ടത്തൂർ ചിറയിലെ പാടശേഖരങ്ങളിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ് കർഷകരെയും കർഷകത്തൊഴിലാളികളെയും അപകടത്തിലാക്കുന്ന ക്രൂരതയ്ക്ക് മാറ്റമില്ല. നോക്കെത്താദൂരത്തോളം വ്യാപിച്ചുകിടക്കുന്ന പാടത്തിന്റെ പല കോണുകളും രാത്രിയായാൽ മദ്യപസംഘത്തിന്റെ പിടിയിലാണ്. മദ്യപിച്ചശേഷം മദ്യക്കുപ്പികളും ബിയർകുപ്പികളും പാടത്തേക്കും തോടുകളിലേക്കും എറിയും.
ചിലത് വീഴുമ്പോൾ പൊട്ടും. ചിലരാകട്ടെ പൊട്ടിച്ചാണ് കുപ്പികൾ പാടത്തേക്ക് എറയുന്നത്. ഇതുമൂലം നടീൽസമയത്തും വളപ്രയോഗസമയത്തുമെല്ലാം കർഷകരുടെയും തൊഴിലാളികളുടെയും കാലിൽ കുപ്പിച്ചില്ല് കൊള്ളുന്നത് പതിവാണ്. ഈ വർഷവും നടീൽസമയത്ത് അതിഥിത്തൊഴിലാളികളുടെയും നാട്ടുകാരുടെയും കാൽ മുറിഞ്ഞു. കഴിഞ്ഞവർഷവും ഇതേ അപകടമുണ്ടായി. കുപ്പി പൊട്ടിക്കാതെ പാടത്തിന്റെ കരയിലോ മറ്റോവെച്ചാൽ ഈ ക്രൂരത ഒഴിവാക്കാമെന്നിരിക്കെ മദ്യലഹരിയിൽ ഇതെല്ലാംമറന്ന് പാടത്തേക്ക് കുപ്പിയെറിയുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഏതാണ്ട് അഞ്ഞൂറ്് ഏക്കറിലേറെ സ്ഥലത്ത് പാടമുണ്ട് ചെരണ്ടത്തൂർ ചിറയിൽ. ഇത്തവണ 200 ഏക്കറിലേറെ സ്ഥലത്ത് കൃഷിയുണ്ട്. പ്രകൃതിരമണീയമായ സ്ഥലമായതിനാൽ കൂട്ടുചേർന്ന് ആഘോഷിക്കാൻ ഒട്ടേറെപ്പേർ ഇവിടെയെത്തും. ഇരുചക്രവാഹനങ്ങൾക്കും മറ്റും തോടിന്റെ കരയിലൂടെയും ചെറുറോഡുകളിലൂടെയും പാടത്തിന്റെ ഉൾഭാഗത്തേക്ക് എത്താം. വാഹനങ്ങൾ വരുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും രാത്രിയായാൽ ഇതെല്ലാം ലംഘിക്കപ്പെടും.
വലിച്ചെറിയുന്ന കുപ്പികൾ ചെളിയിൽ പുതഞ്ഞ് കിടക്കുന്നതിനാൽ അടുത്ത കൃഷിസമയത്ത് നിലം ഉഴുതുമറിക്കുമ്പോൾ പൊട്ടും. നടീൽസമയത്താണ് വലിയ പ്രശ്നം. കുപ്പിച്ചില്ലുകൾക്കിടയിലൂടെ വേണം നടന്ന് ഞാറ്ുനടാൻ. ഈ സമയത്താണ് പലരുടെയും കാൽ മുറിയുന്നത്. വളപ്രയോഗത്തിനും പാടത്തേക്ക് ഇറങ്ങണം. കൊയ്ത്തുനടത്തുന്നത് യന്ത്രമായതിനാൽ പ്രശ്നമില്ല. ഈ സമയത്ത് പാടത്ത് വെള്ളവും ഉണ്ടാകില്ല. കൊയ്ത്തുയന്ത്രം കടന്നുപോകുന്ന വഴിയിൽ കുപ്പി ഉണ്ടായാൽ ഇത് പൊട്ടിച്ചിതറും. പാടത്തെ പുല്ല് വാരാൻ വരുന്ന കർഷകർക്ക് ഇത് ഭീഷണിയാണ്.





