Kozhikode

അടുക്കാനാവാത്ത രൂക്ഷഗന്ധം; കണ്ടാൽ പോകാൻ അറയ്ക്കും

Please complete the required fields.




കോഴിക്കോട് : അടുക്കാനാവാത്ത രൂക്ഷഗന്ധം, എങ്ങും ഇരുട്ട്, എലികൾ തുരന്നിട്ട നിലം, മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യം, കൊളുത്തുകൾ നശിപ്പിച്ച വാതിലുകൾ… ഇതിനെല്ലാം ഇടയിലൂടെ പോയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നത്. ഇൻഡോർ സ്റ്റേഡിയം ബിൽഡിങ്ങിലാണ് കണ്ടാലറയ്ക്കുന്ന, ഇത് ഉപയോഗിക്കുന്നത് തന്നെയോ എന്ന് സംശയംതോന്നിപ്പോകുന്നടോയ്‌ലറ്റുകളുള്ളത്‌.

സ്റ്റേഡിയം ബിൽഡിങ്ങിലെ 65-ഓളം കടകളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്‌ലറ്റിന്റെ സ്ഥിതിയാണിത്. ഇൻഡോർ സ്റ്റേഡിയത്തിനടുത്ത ബസ് സ്റ്റോപ്പിന് നേരേ പിന്നിലാണ് ടോയ്‌ലറ്റ്.

ലൈറ്റുകളില്ലാത്ത ടോയ്‌ലറ്റിൽ എപ്പോഴും ഇരുട്ടാണ്. മൊബൈലിൽ ടോർച്ച് തെളിച്ചാണ് ജീവനക്കാർ ഇവിടേക്ക് പോകുന്നത്. രാപകലില്ലാതെ മദ്യപർ ടോയ്‌ലറ്റിനകത്ത് താവളമാക്കുന്നതായും സമീപത്തെ കടക്കാർ പറയുന്നു. സ്ത്രീകളെത്തുമ്പോൾ ഇതിനകത്തുനിന്ന് ഇറങ്ങിവരുന്ന മദ്യപർ അവരുമായി തർക്കിക്കുന്ന സംഭവങ്ങളും ഉണ്ടാവാറുണ്ട്. തെരുവുകച്ചവടക്കാർ അവരുടെ ബാക്കിവരുന്ന സാധനങ്ങൾ സൂക്ഷിക്കുന്നതും മാലിന്യം ഉപേക്ഷിക്കുന്നതും ഇവിടെയാണ്. പൂട്ടും താക്കോലും വാങ്ങി ടോയ്‌ലറ്റുകൾ പലതവണ പൂട്ടിയിട്ടുനോക്കിയെങ്കിലും ആരോ അതൊക്കെ പൊട്ടിക്കുകയാണെന്ന് കടകളിലെ ജീവനക്കാരായ സ്ത്രീകൾ പറയുന്നു. വാതിലുകളുടെ കൊളുത്തുവരെ പോയതോടെ ഇപ്പോൾ കുറച്ചായി അങ്ങോട്ട് പോകാതായതായി വനിതാ ജീവനക്കാർ പറയുന്നു. ഇപ്പോൾ പണംകൊടുത്ത്‌ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകളിലോ മാളുകളിലോ പോവുകയാണെന്നും ഇവർ പറയുന്നു.

Related Articles

Back to top button