കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോഗ്യനില തൃപ്തികരം
കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷി വിദ്യാർഥികൾ ആരോഗ്യനില തൃപ്തികരമായതെ തുടർന്ന് കോഴിക്കോട്ടേക്ക് മടങ്ങി.
കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വിനോദയാത്രയ്ക്കായി എത്തിയ ഭിന്നശേഷിവിദ്യാലയത്തിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രിയായിരുന്നു ഭിന്നശേഷി വിദ്യാർഥികൾ ഉൾപ്പെടെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്.കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലുള്ള കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നും എറണാകുളത്തേക്ക് വിനോദയാത്രയ്ക്ക് വന്ന കുട്ടികളും കെയർടേക്കർമാരുമാണ് ഭക്ഷ്യ വിഷബാധയേറ്റ് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.
104 പേരടങ്ങിയ സംഘത്തിലെ 75 പേരാണ് രാത്രി പത്തരയോടെ ചികിത്സ തേടിയത്. ഇവരെ പ്രത്യേകം സജ്ജീകരിച്ച വാർഡിലാണ് പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോർജ്, അടിയന്തര ചികിത്സാ നടപടികൾ സ്വീകരിക്കാൻ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേശ് മോഹന് നിർദേശം നൽകിയിരുന്നു.
മറൈന്‍ ഡ്രൈവില്‍ ബോട്ട് സവാരി നടത്തുന്നതിനിടെ ബോട്ടില്‍ നിന്ന് നല്‍കിയ ചോറില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് സംശയം. അസ്വസ്ഥത അനുഭവപ്പെട്ടവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.