പാലക്കാടിന്റെ മണ്ണും മനസും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം ഉണ്ടാകുമെന്ന് ഷാഫി പറമ്പിൽ. കേരളം ആഗ്രഹിക്കുന്ന വിധിയെഴുത്ത് പാലക്കാട് ഉണ്ടാകും. നല്ല ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തും. നിയമസഭയ്ക്ക് അകത്തും പുറത്തും ഈ ജനതയുടെ ശബ്ദമായി രാഹുൽ ഉണ്ടാകുമെന്ന് ഉറപ്പാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 5 അക്ക ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഷാഫി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
നാടിന്റെ മതേതര ബോധത്തോട് ഒപ്പം സഞ്ചരിക്കാനെടുത്ത സന്ദീപിന്റെ തീരുമാനം ഇന്നത്തേക്കും 23-ാം തീയതിലേക്കും അതിന് അപ്പുറത്തേക്കും പ്രസക്തമായ കാര്യമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിക്കേണ്ടിരുന്ന ചിഹ്നം ബൂമറാങ്ങായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിരുന്ന എല്ലാ കാര്യങ്ങളിലും തിരിച്ചടിയാണ് അവർക്ക് ഉണ്ടായതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പത്രപ്പരസ്യം ഉൾപ്പെടെ തിരിച്ചടിക്കുകയാണ്. സിപിഐഎമ്മിന്റെ പ്രചാരണം ബിജെപിയെ സഹായിക്കുന്ന രീതിയിൽ. പ്രസംഗവും പ്രചാരണവും സംഘപരിവാർ ലൈനിലാണെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഇത്തരം പരസ്യം കൊണ്ടുവരുന്നവരെ സംബന്ധിച്ച് മാധ്യമസ്ഥാപനങ്ങൾ ജാഗ്രത കാണിക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.