ആലപ്പുഴ: കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ അന്‍പതുകാരന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം. ജയചന്ദ്രന്റെ വീട്ടില്‍നിന്ന് മൃതദേഹം പോലീസ് കണ്ടെത്തി
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.
സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയതെന്നാണ് പോലീസില്‍നിന്ന് ലഭ്യമായ വിവരം.
നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്.