
കോഴിക്കോട് :താമരശ്ശേരി അമ്പായത്തോട് വീട് കുത്തിപ്പൊളിച്ച് ഏഴുപവൻ സ്വർണം കവർന്ന കേസിലെ പ്രതിയായ അന്തസ്സംസ്ഥാന മോഷ്ടാവിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കൈനടിവീട്ടിൽ മാക്സി ജോസഫിന്റെ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴുപവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് നീലഗിരി എരുമാട് സ്വദേശി കയ്യൂന്നി പാറക്കൽ വീട്ടിൽ ജോസ് മാത്യു എന്ന എരുമാട് ജോസ് (52)നെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഒട്ടേറെ കേസുകളിൽ പ്രതിയായ ജോസ് മാത്യുവിനെ കോട്ടക്കലിൽവെച്ച് മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെയും കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ പി. സംഗീതിന്റെയും നേതൃത്വത്തിലുള്ള സംഘം ഇക്കഴിഞ്ഞ 23-ന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് താമരശ്ശേരിയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ നടത്തിയ കവർച്ച പ്രതി വെളിപ്പെടുത്തിയത്. വീട് കുത്തിപ്പൊളിച്ച് മൂന്നുവളയും, ഒരു ഡയമണ്ട് മോതിരവും ഒരു സ്വർണമാലയുമായിരുന്നു ജോസ് മാത്യു കവർന്നത്. തുടർന്ന് ഈ കേസിൽ താമരശ്ശേരി പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കവർച്ച നടന്ന വീട്ടിലും മറ്റുമെത്തിച്ച് തെളിവെടുപ്പ് നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
2002-ൽ താമരശ്ശേരിയിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലും, 2003-ൽ കോഴിക്കോട് നടക്കാവിലെ ധനകാര്യസ്ഥാപനത്തിലും ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടന്ന എഴുപതോളം മോഷണക്കേസുകളിൽ പ്രതിയാണ് ജോസ് മാത്യു. ഫെബ്രുവരിയിൽ വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ ഇയാൾ ജൂൺ 11-ന് പുലർച്ചെ കോട്ടക്കൽ എടരിക്കോട്ടെ ഒരു വീട്ടിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് പോലീസിന്റെ പിടിയിലായത്.





