Thiruvananthapuram

ഹാൻഡ് ബാഗിൽ സൂക്ഷിച്ച 10 ലക്ഷത്തിന്റെ സ്വർണാഭരണം കാണാതായി; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യാത്രക്കാരി

Please complete the required fields.




തിരുവനന്തപുരം: ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ കൊണ്ടുവന്ന എട്ടര പവനോളം വരുന്ന സ്വർണാഭരണങ്ങൾ കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ കവർന്നു. കിഴക്കേക്കോട്ടയിൽ നിന്ന് പുറപ്പെട്ട ബസിലാണ് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടത്. തുടർന്ന് പോത്തൻകോട് വച്ച് യാത്രക്കാരി ബസ് തടഞ്ഞു. ശാന്തിഗിരി സിദ്ധ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റായ അംബികയ്ക്കാണ് സ്വർണം നഷ്ടമായത്.

തിങ്കളാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ പോയി മടങ്ങുകയായിരുന്ന അംബിക, ഹാൻഡ് ബാഗിന്റെ ഉള്ളിലെ അറയിലാണ് ആഭരണങ്ങൾ വച്ചിരുന്നത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷമാണ് ബാഗ് തുറന്നു കിടക്കുന്നതും സ്വർണം കാണാനില്ലെന്ന കാര്യവും അറിഞ്ഞത്.

ഇതോടെ ഇവർ ബസ് തടഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തി ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന അൻപതോളം യാത്രക്കാരെയും അവരുടെ സാധന സാമഗ്രികളും വിശദമായി പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല.

അര മണിക്കൂറിലേറെ സമയമെടുത്താണ് പരിശോധന പൂർത്തിയാക്കിയത്. അംബിക ബസിൽ കയറുന്നതിനിടയിലോ ഇറങ്ങുന്നതിനിടയിലോ ആവാം മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ കേസെടുത്ത പോലീസ് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button