Kozhikode

റഷ്യൻ സഹകരണം ഗുണം ചെയ്യും, റഷ്യക്കാർ ഗോവ കഴിഞ്ഞാൽ കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലം കേരളം; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

Please complete the required fields.




കോഴിക്കോട് : റഷ്യയുമായി മേഖലാ തലത്തിലുള്ള സഹകരണം ഏറെ ഗുണം ചെയ്യുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റഷ്യൻ സഞ്ചാരി അഫനാസി നികിത് കോഴിക്കോട് സന്ദർശിച്ചതിന്റെ 550 –ാം വാർഷികവും ഇന്ത്യ – റഷ്യ നയതന്ത്ര ബന്ധത്തിന്റെ 75 –ാം വാർഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായി റഷ്യൻ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന സൗഹൃദ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

റഷ്യക്കാർ ഇന്ത്യയിൽ ഗോവ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലം കേരളമാണ്. വിനോദസഞ്ചാര മേഖലയിൽ കേരളവും റഷ്യയുമായുള്ള സഹകരണം വിലപ്പെട്ടതാണ്. കേരളത്തിൽ നിന്നു ധാരാളം ആളുകൾ റഷ്യയിൽ പോകുന്നുണ്ട്. അവിടെ നടക്കുന്ന മിക്ക ടൂറിസം മേളകളിലും കേരളത്തിൽ നിന്നുള്ളവർ പങ്കെടുക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയിൽ ഇരു കൂട്ടർക്കും സഹകരിക്കാൻ കഴിയുമെന്നു മന്ത്രി വിശദീകരിച്ചു.

മേയർ ബീന ഫിലിപ് ആധ്യക്ഷ്യം വഹിച്ചു. റഷ്യൻ അസോസിയേഷൻ ഫോർ ഇന്റർനാഷനൽ കോ ഓപ്പറേഷൻ ചെയർമാൻ ഡോ.സെർജി കലാഷ്നിക്കോവ്, കൗൺസൽ ജനറൽ ഓഫ് ദ റഷ്യൻ ഫെഡറേഷൻ ഇൻ സതേൺ ഇന്ത്യ ഒലീഗ് അവ്ദീവ്, റഷ്യ – ഇന്ത്യ ഫ്രൻഡ് ഷിപ് അസോസിയേഷൻ അവ്ജിനി ഷിൽനിക്കോവ്, ഇന്ത്യ – റഷ്യ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് സീനിയർ വൈസ് പ്രസിഡന്റ് സുധീർ പാൽ സബാർവാൽ, തിരുവനന്തപുരം റഷ്യൻ ഹൗസ് ഡയറക്ടർ രതീഷ് സി.നായർ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ പ്രസംഗിച്ചു.

ഫ്രൻഡ്ഷിപ് അവാർഡ് അവ്ജിനി ഷിൽനിക്കോവിനു മന്ത്രി മുഹമ്മദ് റിയാസ് നൽകി. റഷ്യൻ നാടോടി ഗായിക യൂലിയ പക്കമോവ് ഗാനം അവതരിപ്പിച്ചു. ചാത്തമംഗലം തിറയാട്ട സമിതി തിറയും ധ്വനി ഡാൻസ് സ്കൂൾ നൃത്തവും അവതരിപ്പിച്ചു. ഇന്നു വൈകിട്ട് 4 നു നടക്കുന്ന ചടങ്ങിൽ കസ്റ്റംസ് റോഡിനു അഫനാസി നികിതിന്റെ നാമകരണം നടത്തും.

Related Articles

Leave a Reply

Back to top button