
പേരാമ്പ്ര: ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ജ്വല്ലറി ജീവനക്കാരി നടക്കാവ് സ്വദേശി ശ്രീലക്ഷ്മി (25), മുന്‍ ജീവനക്കാരി കൂത്താളി സ്വദേശി വിസ്മയ (21) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും പേരാമ്പ്ര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് പേരാമ്പ്ര സൗമ്യ ജ്വല്ലറിയില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഉടമ നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന കാര്യം അറിഞ്ഞത്.
അഞ്ച് മാലയും മൂന്ന് ബ്രേസ് ലെറ്റുമാണ് ജ്വല്ലറിയില്‍ നിന്നും നഷ്ടമായത്. ഇതിന് പകരം മുക്ക് പണ്ടവും തിരികെ വെച്ചിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടമുണ്ടായെന്നാണ് ഉടമയുടെ പരാതി. മോഷ്ടിച്ച സ്വര്‍ണാഭരണം വിസ്മയക്ക് കൈമാറിയെന്ന് ശ്രീലക്ഷ്മി മൊഴി നല്‍കിയിരുന്നു.





