തൃശൂർ 12-കാരന് പന്നിപ്പനി സ്ഥിരീകരിച്ചു; അനധികൃത പന്നിഫാം ആരോഗ്യവകുപ്പ് അടച്ചുപൂട്ടാൻ നിർദേശം, പ്രദേശത്ത് ജാഗ്രത

തൃശൂർ: തൃശൂർ ജില്ലയിൽ എച്ച്1എൻ1 സ്ഥിരീകരിച്ച സംഭവം. മറ്റത്തൂർ പഞ്ചായത്തിലെ പത്താം വാർഡ് വെള്ളിക്കുളങ്ങര സ്വദേശിയായ 12കാരനാണ് രോഗബാധിതനായത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രദേശത്തെ അനധികൃത പന്നിഫാം അടച്ചുപൂട്ടാൻ പഞ്ചായത്തും ആരോഗ്യവകുപ്പും നിർദേശം നൽകി. പഞ്ചായത്തംഗം എ.എ. റഫീക്കും നാട്ടുകാരും ചേർന്ന് മറ്റത്തൂർ പഞ്ചായത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കട്ടിപ്പൊക്കം പത്തരക്കുണ്ട് പ്രദേശത്തെ ഫാം സന്ദർശിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ലൈസൻസില്ലാതെയാണ് ഫാം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതേ തുടർന്ന് ഒരു മാസത്തിനകം ഫാം പൂർണ്ണമായും നിർത്താൻ നിർദേശം നൽകി.ഈ ഫാമിലായി ഏകദേശം 2000 പന്നികളുണ്ട്. ഫാമിൽ നിന്ന് പുറത്തേക്ക് വമിക്കുന്ന രൂക്ഷമായ ദുർഗന്ധം രണ്ട് കിലോമീറ്ററോളം അകലെയുള്ള നായാട്ടുകുണ്ട് വരെ എത്തുന്നതായി നാട്ടുകാർ പറയുന്നു. ഫാമിൽ നിന്നുള്ള മലിനജലം വെള്ളിക്കുളങ്ങര വലിയതോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്.
കുടിവെള്ളത്തിനായി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്നതാണ് ഈ തോട്. പരിസരത്തെ കിണറുകളിലും പന്നി മാലിന്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടുതുടങ്ങി. ഇതോടെ നായാട്ടുകുണ്ട്, ചൊക്കന പരിസരങ്ങളിലെ താമസക്കാരും ദുരിതത്തിലായി. പന്നിമാലിന്യം കാരണം ഒരു കുടുംബം തങ്ങളുടെ കിണർ നികത്തേണ്ടി വന്നു.
എച്ച്1എൻ1 കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മറ്റത്തൂർ പഞ്ചായത്ത് പരിധിയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആശുപത്രിയിൽ ചികിൽസ തേടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്കൂളുകളിലും അങ്കണവാടികളിലും പ്രത്യേക ശുചീകരണവും ബോധവത്കരണവും നടത്താൻ നിർദേശം നൽകി. ഫാമിൽ നിന്നുള്ള മലിനീകരണം ജലസ്രോതസുകളിലേക്ക് എത്തുന്നതും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.





