ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമ നിർമ്മാണങ്ങൾ അവസാനിപ്പിക്കണം; കത്തോലിക്ക കോൺഗ്രസ്
താമരശ്ശേരി: ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പൗരോഹിത്യത്തെയും അവഹേളിക്കുന്ന സിനിമകൾ നിർമ്മിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു . സമീപകാലത്തായി വർദ്ധിച്ചു വരുന്ന ഇത്തരം പ്രവണത ഇപ്പോൾ യേശുക്രിസ്തുവിനെപോലും വികലമായി ചിത്രീകരിക്കുന്നതിലേക്കും അപമാനിക്കുന്ന വിധത്തിലേക്കും വളർന്നിരിക്കുകയാണെന്നും ഇത്തരത്തിൽ ദുഷിച്ച ചിന്തകളും വിഷലിപ്തമായ ആശയങ്ങളും പ്രചരിപ്പിച്ച് ക്രൈസ്തവ വിശ്വാസാചാരങ്ങള തകർക്കാമെന്നാണ് ഇവരുടെ ചിന്തയെന്നും സമുദായങ്ങളെ അപമാനിക്കുന്ന സിനിമ പിന്നണി പ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഭരണകൂടങ്ങൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യേശുക്രിസ്തുവിനെ അപമാനിക്കുന്നവിധത്തിൽ തയ്യാറാക്കിയിരിക്കുന്ന സിനിമ പിൻവലിക്കാൻ തയ്യാറാകാത്ത പക്ഷം നിയമം അനുശാസിക്കുന്ന എല്ലാ മാർഗ്ഗങ്ങളും അവലമ്പിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് ഡോ: ചാക്കോ കാളംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ: ജോർജ്ജ് വെള്ളക്കാകുടി, ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ, ട്രഷറർ ജോയി നെല്ലികുന്നേൽ, ഗ്ലോബൽ സമിതി സെക്രട്ടറി ബേബി പെരുമാലിൽ, തോമസ് മുണ്ടപ്ലാക്കൽ, സജി കരോട്ട്, ബേബി കിഴക്കേഭാഗം, പ്രിൻസ് തിനംപറമ്പിൽ, ഷാജു മരുതാേങ്കര തുടങ്ങിയവർ പ്രസംഗിച്ചു.