
തൃശ്ശൂർ : തൃശ്ശൂർ നഗരത്തിൽ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് പോക്കറ്റടിയും മോഷണവും നടത്തുന്ന രണ്ടുപേര്‍ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി.
തിരുവനന്തപുരം വർക്കല ചെറുന്നിയൂർ കടയില്‍ വീട്ടില്‍ നവാസും (50) പാലക്കാട് നെന്മാറ ചിറ്റിലഞ്ചേരി വീട്ടില്‍ ശിവദാസനു(50)മാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
രണ്ടു മൊബൈല്‍ മോഷണങ്ങള്‍ നടത്തിയതായി അറസ്റ്റിലായ നവാസ് പോലീസിന് മൊഴിനല്‍കി. കന്യാകുമാരി സ്വദേശിയുടെയും വടക്കേത്തറ സ്വദേശിയുടെയും മൊബൈല്‍ ഫോണുകളാണ് ഇയാളില്‍നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഉടമകളെ തിരിച്ചറിയുകയും ചെയ്തു.
ഇത്തരം നിരവധി മോഷണങ്ങള്‍ ഇയാള്‍ നടത്തിയതായി പോലീസ് പറയുന്നു. കേരളത്തിലെ വിവിധ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടത്തിയിരുന്നത്. വടക്കേസ്റ്റാന്റില്‍ ബസ് കണ്ടക്ടര്‍ മാർക്ക് ചില്ലറ വിതരണം ചെയ്യുന്ന ആളില്‍ നിന്നാണ് ശിവദാസന്‍ പണം കവര്‍ന്നത്. 400 രൂപയുടെ നാണയങ്ങളാണ് കവര്‍ന്നത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കുറ്റവാളിയെ പോലീസ് കണ്ടെത്തിയത്.





