പാമ്പുകടി മരണങ്ങൾ വർധിക്കുന്നു: ജാഗ്രതാനിർദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ എത്തുന്ന കേസുകളിൽ പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നൽകി.
അടുത്തിടെ നടന്ന മൂന്ന് മരണങ്ങളിലും ആദ്യഘട്ടത്തിൽ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. രോഗികൾ മരിച്ച ശേഷമാണ് പാമ്പുകടിയേറ്റ വിവരം തിരിച്ചറിഞ്ഞത്. ഈ സാഹചര്യം ഒഴിവാക്കാൻ പരിശോധനകളിൽ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് ആന്റിവെനത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി.
ചൂട് വർധിച്ചതോടെ പാമ്പുകൾ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം. സംസ്ഥാനത്ത് ഇതുവരെ പാമ്പുകടിയേറ്റ് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൃശ്ശൂർ കോടാലിയിൽ ഉറങ്ങി കിടന്ന സഹോദരങ്ങൾക്ക് പാമ്പുകടിയേൽക്കുകയും അതിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരം ചിറയിൻകീഴിൽ 8 വയസുകാരൻ ഉറക്കത്തിനിടയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഇന്നലെ മരിച്ചിരുന്നു. കായംകുളത്ത് വിവാഹ സൽക്കാരത്തിനിടെ പാമ്പുകടിയേറ്റ് ഒരു യുവതിയും ഇന്ന് മരിച്ചിരുന്നു.





