
തൃശൂർ: കയ്പമംഗലത്ത് അറുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് മാല കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം കൂരിക്കുഴി ആശാരിക്കയറ്റം സ്വദേശി എ.ടി.എം. രാഹുൽ, അപ്പു രാഹുൽ എന്നീ പേരുകളിലറിയപ്പെടുന്ന തോട്ടുപറമ്പിൽ രാഹുൽ (27) നെയാണ് കയ്പമംഗലം എസ്.എച്ച്.ഒ. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കൂരിക്കുഴി 18 മുറിയിൽ താമസിക്കുന്ന സ്ത്രീയെ രാവിലെ 6.30 ന് വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച ശേഷം മാല കവർന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ ബുധനാഴ്ച വഴിയമ്പലം അയിരൂരിൽ നിന്ന് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ഇയാൾ മോഷണ കേസിലും അടിപിടി കേസിലും പ്രതിയാണ്.
അതേസമയം, കുന്നംകുളത്ത് പട്ടാപ്പകൽ വീട്ടിൽ കവർച്ച നടന്നു. ശാസ്ത്രി നഗറിൽ താമസിക്കുന്ന എൽഐസി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 80 പവൻ സ്വർണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ വീട്ടുകാർ വിവാഹത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ പത്ത് മണിക്ക് വീട്ടിൽ നിന്ന് പോയവർ ഉച്ചക്ക് രണ്ട് മണിക്ക് തിരിച്ചെത്തിയിരുന്നു. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാരുടെ യാത്ര സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ അറിയാവുന്നവരാകാം കവർച്ചക്ക് പിന്നില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കുന്നംകുളം പോലീസിന്‍റെ നേതൃത്വത്തിൽ പരിശോധന പുരോഗിക്കുകയാണ്





