
ഫറോക്ക് : കൊളത്തറയിൽ മദ്രസ വിട്ടു സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥി കുളത്തിൽ വീണു മരിച്ചു. അറക്കൽപാടം വലിയപറമ്പ് അമ്മോത്ത് വീട്ടിൽ മുസബിറിന്റെ മകൻ മുഹമ്മദ് മിർഷാദ്(12)ആണു മരിച്ചത്. കൊളത്തറ ആത്മവിദ്യാ സംഘം യുപി സ്കൂൾ 7ാം ക്ലാസ് വിദ്യാർഥിയാണ്. ഉച്ചയ്ക്ക് കൊളത്തറ മുനീറുൽ ഇസ്ലാം മദ്രസയിൽ നിന്നു സൈക്കിളിൽ വീട്ടിലേക്ക് പോകുമ്പോൾ വീടിനു സമീപത്തെ വലിയപറമ്പ് കുളത്തിലേക്കാണു തെന്നി വീണത്.
അതുവഴി വന്ന നാട്ടുകാർ കുളക്കരയിൽ സൈക്കിൾ കിടക്കുന്നതു കണ്ടു നോക്കിയപ്പോൾ വെള്ളത്തിൽ ബാഗും ചെരിപ്പും കണ്ടു. ഉടൻ നടത്തിയ തിരച്ചിലിൽ കുട്ടിയെ പുറത്തെടുത്തു ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നഗരത്തിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ണംപറമ്പ് കബർസ്ഥാനിൽ നടക്കും. ഉമ്മ: ഷാഹിന. സഹോദരങ്ങൾ: ദിൽഷാദ്, ഷഹാന പർവീൺ.





