
താമരശ്ശേരി: കാലവർഷം കനത്തതോടെ നാടെങ്ങും നാശനഷ്ടങ്ങൾ വർധിച്ചു. വീടുകൾ തകർന്നും മതിൽ ഇടിഞ്ഞു മരങ്ങൾ കടപുഴകിയുമാണ് കെടുതികൾ ഏറെയും ഉണ്ടായിട്ടുള്ളത്. കനത്ത മഴയിൽ താമരശ്ശേരി കെടവൂർ സ്കൂളിനു സമീപം ചുണ്ടക്കുന്നുമ്മൽ ഷമീറിന്റെ മുറ്റത്തെ മതിൽ ഇടിഞ്ഞു വീടിനു ഭീഷണിയായി. വീടിന്റെ തറവരെ മണ്ണ് ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. അയൽവാസി അസീസിന്റെ വീടിനു പുറകിലേക്കാണു മതിൽ ഇടിഞ്ഞു വീണത്.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിനു സമീപം കറുക്കുണ്ട് കാവ് സിറാജിന്റെ വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീട് അപകടാവസ്ഥയിലായി. മതിലിനു സമീപത്തുള്ള തോട്ടിലെ കുത്തൊഴുക്കാണ് അപകട കാരണം. കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടത്തിൽ കരിഞ്ചോല മുക്കിൽ നഫീസയുടെ വീടിനു മേലെ റബർ മരം വീണു ചുമരിനു വിള്ളൽ വീണു. ചുങ്കം വട്ടക്കൊരു അബ്ദുൽ ബഷീറിന്റെ വീടിനോടു ചേർന്നുള്ള മതിൽ ഇടിഞ്ഞു വീട് അപകട ഭീഷണിയിലായി. അയൽവാസിയുടെ വീട്ടു മുറ്റത്തേക്കാണു മതിൽ ഇടിഞ്ഞു വീണത്. കോരങ്ങാട് വളപ്പിൽ പൊയിൽ അബുബക്കറിന്റെ വീടിന്റെ ഒരുഭാഗം കനത്ത മഴയിൽ തകർന്നു വീട് വാസ യോഗ്യമല്ലാതായി.





