Kozhikode

മലയോരത്ത് ശക്തമായ കാറ്റിൽ മരങ്ങൾവീണ് നാശനഷ്ടം

Please complete the required fields.




കോഴിക്കോട് : താമരശ്ശേരി മലയോരത്ത് ചൊവ്വാഴ്ച വൈകീട്ട് പലയിടങ്ങളിലും മഴയ്ക്കൊപ്പം ഏതാനും സമയം നീണ്ടുനിന്ന ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം.

മരങ്ങൾവീണ് വൈദ്യുതത്തൂണുകളും വൈദ്യുതിലൈനുകളും തകർന്ന് താമരശ്ശേരി ടൗണുൾപ്പെടെ പലയിടങ്ങളിലും ഏറെനേരം വൈദ്യുതി മുടങ്ങി. താമരശ്ശേരി ചുരത്തിലെ ഒന്നാം ഹെയർപിൻവളവിൽ റോഡിനു കുറുകെ മരം വീണതിനെത്തുടർന്ന് മുക്കാൽ മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. മൂന്നേമുക്കാലോടെ ദേശീയപാതയിലേക്കു വീണ മരം നാലരയോടെ നാട്ടുകാരും ചുരം ഗ്രീൻബ്രിഗേഡ് വൊളന്റിയർമാരും പോലീസും ചേർന്ന് മുറിച്ചുമാറ്റി ഗതാഗതതടസ്സം നീക്കുകയായിരുന്നു. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ ഉസ്മാന്റെ വീടിനുമുകളിലേക്ക് തെങ്ങുവീണ് മേൽക്കൂര തകർന്നു.

ഓടുമേഞ്ഞ മേൽക്കൂരയുടെ ഒരുഭാഗം പാടെ തകരുകയും ഭിത്തിയുടെ മുകൾഭാഗത്ത് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പിസി മുക്കിനുസമീപം പുത്തൻതെരുവിൽ രാഘവന്റെ വീടിനുമുകളിലേക്ക് മരംവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്തിലെ താഴ്‌വാരത്ത് ചൊവ്വാഴ്ച വൈകീട്ട് മഴയിലും കാറ്റിലുംപെട്ട് എളപ്ലാശ്ശേരി ജോണിയുടെ കാർഷെഡ്ഡിന്റെ മുകളിലേക്ക് വീടിന്റെ പരിസരത്ത് ഉണ്ടായിരുന്ന തെങ്ങ് മുറിഞ്ഞുവീണു. കാർഷെഡ് പൂർണമായും തകരുകയും ഷെഡ്ഡിലുണ്ടായിരുന്ന കാറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Related Articles

Back to top button