India

വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കാനുള്ള സമരം; ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം

Please complete the required fields.




ഡല്‍ഹി: വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കാനുള്ള സമരത്തിനിടെ ജാമിയ മിലിയ സര്‍വകലാശാലയില്‍ സംഘര്‍ഷം. പ്രതിഷേധക്കാരുടെ സമരപ്പന്തല്‍ സര്‍വകലാശാല അധികൃതര്‍ പൊളിച്ചുമാറ്റി. സമരം തകര്‍ക്കാന്‍ അധ്യാപകര്‍ മനപ്പൂര്‍വ്വം ശ്രമിക്കുന്നതായി വിദ്യാര്‍ഥികള്‍ ആരോപണിച്ചു. ഭാവി തുലയ്ക്കുമെന്ന ഭീഷണി അധ്യാപകരില്‍ നിന്നും നേരിടുന്നതായും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക പ്രകടിപ്പിച്ചു.

ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലറും പ്രൊഫസര്‍മാരും ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സമരമിരിക്കുന്നവരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ഉദ്ദേശം നടക്കാതെ വന്നതോടെ നൂറിലധികം അധ്യാപകരും സുരക്ഷ ജീവനക്കാരും ചേര്‍ന്ന് വിദ്യാര്‍ഥികളെ പിടിച്ച് മാറ്റി സമരപ്പന്തല്‍ പൊളിക്കാന്‍ തുടങ്ങി. മനുഷ്യച്ചങ്ങലയടക്കം സൃഷ്ടിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചത്.

പൊലീസുമായി സര്‍വകലാശാല അധികൃതര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സമരക്കാരെ അധ്യാപകര്‍ വ്യക്തിപരമായും ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണമുണ്ട്. സമരക്കാര്‍ തടിച്ചുകൂടിയതോടെ സര്‍വകലാശാല അധികൃതര്‍ പിന്‍വാങ്ങി. പൊളിച്ചുമാറ്റിയ സമരപ്പന്തലില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സ്ഥാപിച്ചു.

2006ല്‍ പിരിച്ചുവിട്ട വിദ്യാര്‍ഥി യൂണിയന്‍ പുനഃസ്ഥാപിക്കണം, സംഘര്‍ഷങ്ങള്‍ക്കിടെ വിദ്യാര്‍ഥികളെ ആക്രമിച്ച അധികൃതര്‍ക്കെതിരെ നടപടി വേണം, സമരക്കാര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പ് വേണമെന്ന് മൂന്നാവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്. സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തി സര്‍വകലാശാലയിലെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ ആക്കി ഉത്തരവിറക്കിയിട്ടുണ്ട്. ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് ചുറ്റും വന്‍ സേന വിന്യാസവും ഏര്‍പ്പെടുത്തി.

Related Articles

Back to top button