
കോഴിക്കോട് : നഗരത്തിൽ അരയിടത്തുപാലം മേൽപ്പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മാതാപിതാക്കളും കുഞ്ഞും ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.
നഗരത്തിൽനിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന കോട്ടക്കൽ കോഴിപ്രം കറുമണ്ണിൽ വീട്ടിൽ മുഹമ്മദ് ഷഹാസ് (27), ഭാര്യ ആയിഷ ഫിദ (25), മകൾ ഒരു വയസുള്ള ബേബി റഹ്മ, മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും നഗരത്തിലേക്ക് വരുകയായിരുന്ന താമരശ്ശേരി തച്ചൻപൊയിൽ സാലിക്ക് മുഹമ്മദ് (33) എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയിഷ ഫിദയുടെയും മകൾ റഹ്മയുടെയും പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം. സാലിക്ക് ഓടിച്ചിരുന്ന കാർ അതിവേഗത്തിൽ തെറ്റായ ദിശയിലൂടെ വന്നതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഈ കാറിൽ സാലിക്ക് മാത്രമാണുണ്ടായിരുന്നത്.അപകടം നടന്ന സമയത്ത് കോടതിയിൽനിന്നും വീട്ടിലേക്ക് പോകുകയായിരുന്ന ബൈക്കുയാത്രക്കാരായ രണ്ട് അഭിഭാഷകർ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചത് രക്ഷയായെന്ന് ട്രാഫിക്ക് പോലീസ് പറഞ്ഞു.
പിന്നീടാണ് കുട്ടിയുടെ മാതാപിതാക്കളെ പോലീസിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. കോട്ടയ്ക്കലുള്ള ഷഹാസിന്റെ വീട്ടിലേക്ക് പോകുന്നവഴിക്കാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതെന്നും പോലീസ് അറിയിച്ചു.





