
സംരംഭകത്വവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംരംഭകരുടെ പരാതി പരിഹാര പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ഓൺലൈനായി പ്രവർത്തിക്കുന്ന പരാതി പരിഹാര പോർട്ടലിൽ പരാതി ലഭിച്ചാൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പുവരുത്തും.
സംരംഭക വർഷം പദ്ധതിയിലൂടെ സംസ്ഥാനത്ത് സംരംഭകത്വത്തിന്റെ ആത്മവിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞുവെന്നും ആരംഭിച്ച സംരംഭങ്ങൾ പരമാവധി നിലനിർത്തുന്നതിനായി സസ്റ്റെയിനബിലിറ്റി സ്കീം ആലോചനയിലുണ്ടെന്നും എല്ലാ ജില്ലകളിലെയും എം.എസ്.എം.ഇ ക്ലിനിക്കുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്കു സർക്കാരിന്റെ നേതൃത്വത്തിൽ പരിഹാരം കാണുമെന്നും പദ്ധതിയുടെ ഭാഗമായി നിയോഗിച്ചിരുന്ന ഇന്റേണികൾ തുടങ്ങിയ സംരംഭങ്ങളെല്ലാം ഒരിക്കൽകൂടി സന്ദർശിച്ച് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുമെന്നും ഒരു ഗ്ലോബൽ ലിങ്കർ മോഡൽ സംവിധാനം ആലോചിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മതിയായ കാരണം കൂടാതെ സംരംഭകനു സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ചയോ വരുത്തിയാൽ ജില്ലാ – സംസ്ഥാന പരാതി പരിഹാര കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും വകുപ്പുതല നിയമ നടപടി സ്വീകരിക്കുന്നതിനും പുതിയ പരാതി പരിഹാര സംവിധാനത്തിലൂടെ സാധിക്കും. 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്ക് പരിശോധിക്കാനാകും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്.





