Sports

ഗുജറാത്തിനെ 8 വിക്കറ്റിനു തകർത്ത് പഞ്ചാബ്; പ്ലേ ഓഫ് പ്രതീക്ഷ

Please complete the required fields.




ഗുജറാത്ത് ടൈറ്റൻസിനെ പിടിച്ചുകെട്ടി പഞ്ചാബ് കിംഗ്സ്. നിർണായക മത്സരത്തിൽ ഗുജറാത്തിനെതിരെ നേടിയ 8 വിക്കറ്റ് ജയത്തോടെ പഞ്ചാബ് കിംഗ്സ് പ്ലേ ഓഫ് പ്രതീക്ഷ കാത്തു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

53 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്‍റെ വിജയത്തിലെത്തിച്ചത്. ഭാനുക രാജപക്സെ(40) ലിയാം ലിംവിംഗ്‌സറ്റണ്‍(30) എന്നിവരും പഞ്ചാബിനായി തിളങ്ങി. ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഗുജറാത്ത് 10 കളികളില്‍ 16 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളില്‍ 10 പോയന്‍റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

ഗുജറാത്ത് ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പഞ്ചാബിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ(1) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ധവാനും രാജപക്സെയും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിന്‍റെ ജയത്തിന് അടിത്തറയിട്ടു.

10 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തി 30 റണ്‍സെടുത്ത ലിവിംഗ്‌സ്റ്റണിന്‍റെ ബാറ്റിംഗ് പഞ്ചാബിന്‍റെ ജയം വേഗത്തിലാക്കി. മുഹമ്മദ് ഷമി എറിഞ്ഞ പതിനാറാം ഓവറില്‍ മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയ ലിവിംഗ്‌സ്റ്റണ്‍ 28 റണ്‍സടിച്ചു. 53 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ധവാന്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നത്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസനും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനെ കാഗിസോ റബാഡയുടെ നേതൃത്വത്തിലാണ് പഞ്ചാബ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. 50 പന്തില്‍ 64 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സായ് സുദര്‍ശനാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. നാല് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഗുജറാത്തിനെ തകര്‍ത്തത്.

Related Articles

Leave a Reply

Back to top button