Kerala

പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന്‌ 5954.70 മെട്രിക് ടൺ മാലിന്യം നീക്കി

Please complete the required fields.




വടകര : പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിൽ നിന്നും ബയോമൈനിങ്ങിലൂടെ 5954.70 മെട്രിക് ടൺ മാലിന്യം നീക്കി.173 ട്രക്കുകളിലായി ജ്വലന സാധ്യതയുള്ള പ്ലാസ്റ്റിക്, തുണി അടക്കം തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു. ആകെ 22,903 മീറ്റർ ക്യൂബ് മാലിന്യമാണ് പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായിരുന്നത്. അതിൽ ഇതുവരെ 21,208 മീറ്റർ ക്യൂബ് മാലിന്യം സംസ്കരിച്ചു.

മാലിന്യം നീക്കിയ ഭാഗം ഇവിടെനിന്നു വേർതിരിക്കുന്ന മണ്ണ് ഉപയോഗിച്ച് നികത്തി നിരപ്പാക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ടവും ഇപ്പോൾ നടക്കുന്നുണ്ട്. കുമിഞ്ഞുകൂടിയ മാലിന്യം യന്ത്രസഹായത്തോടെ കുഴിച്ചെടുത്ത് തരംതിരിച്ച് സുരക്ഷിതമായി നീക്കംചെയ്ത് ഭൂമിയെ വീണ്ടെടുക്കുക എന്ന പ്രക്രിയയാണ് ബയോമൈനിങ് വഴി നടത്തുന്നത്.

പ്ലാസ്റ്റിക് മാലിന്യം, ചെരിപ്പ്, ബാഗ് തുടങ്ങിയവ, മണ്ണ്, കരിയില പോലെ പൊടിയുന്നതരം ജൈവമാലിന്യം എന്നിങ്ങനെ മാലിന്യം നാലുവിഭാഗമായാണ് വേർതിരിക്കുന്നത്. ഇതിൽ മണ്ണൊഴികെ ബാക്കി മാലിന്യം ബയോമൈനിങ് നടത്തുന്ന എസ്.എം.എസ്. നാഗ്പുർ കമ്പനിയുമായി കരാറിലേർപ്പെട്ട ഏജൻസി വ്യാവസായിക ആവശ്യത്തിനായി കൊണ്ടുപോകുകയാണ്.

2025 മേയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് കരാർ ഏറ്റെടുത്ത കമ്പനി പറഞ്ഞിരുന്നെങ്കിലും മഴ ഉൾപ്പെടെ പ്രതികൂലസാഹചര്യങ്ങൾ വന്നതാണ് പ്രവൃത്തിനീളാൻ കാരണം. ഇതേത്തുടർന്ന് നഗരസഭ കരാർ കാലാവധി നീട്ടി നൽകിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു മാസത്തിനകം പൂർത്തിയാകുമെന്നാണു പ്രതീക്ഷയെന്ന് എസ്.എം.എസ്. നാഗ്‌പുർ കമ്പനി അസിസ്റ്റന്റ് മാനേജർ നദീം ഇസ്മായിൽ പറഞ്ഞു. ആറുമീറ്റർ താഴ്ചയിൽ മാലിന്യമുള്ളതിനാൽ ഈ ഭാഗത്ത് നനവുമുണ്ട്. നനവു മാറിയാൽ മാത്രമേ വേർതിരിക്കുന്ന പ്രക്രിയ നടക്കൂ.

വർഷങ്ങളായി നഗരസഭാപരിധിയിലെ മാലിന്യംമുഴുവൻ തള്ളുന്ന കേന്ദ്രമായിരുന്നു പുതിയാപ്പ് ട്രഞ്ചിങ് ഗ്രൗണ്ട്. ദുർഗന്ധപൂരിതമായിരുന്നു പ്രദേശം. വികേന്ദ്രീകൃത മാലിന്യസംസ്കരണ പദ്ധതി വന്നതോടെ 2016-ലാണ് ഇവിടേക്ക് മാലിന്യം തള്ളുന്നതു നിർത്തിയത്. എന്നാൽ, അതുവരെ തള്ളിയ മാലിന്യം നീക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിപ്രകാരം ലോകബാങ്ക് അനുവദിച്ച 5.62 കോടി രൂപ ചെലവിലാണ് ബയോമൈനിങ് നടത്തുന്നത്. ഒന്നരയേക്കർ സ്ഥലത്താണ് മാലിന്യമുള്ളത്. മാലിന്യം മുഴുവനായി നീക്കംചെയ്താൽ ഇവിടെ ഹരിതപാർക്ക് സ്ഥാപിക്കാനാണ് നഗരസഭ ആലോചിക്കുന്നത്.

Related Articles

Back to top button