Palakkad

‘ഞാൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല, മുഖ്യമന്ത്രി അടക്കമുള്ളവർ അപലപിച്ചു; അവർ ശ്രമിക്കുന്നത് വെള്ളം കലക്കി മീൻ പിടിക്കാൻ’ ; രമേഷ് പിഷാരടി

Please complete the required fields.




പാലക്കാട് : വോട്ട് ചോദിക്കാനെത്തിയപ്പോൾ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് രമേഷ് പിഷാരടി. താൻ യാതൊരു സ്ത്രീവിരുദ്ധ പരാമർശവും നടത്തിയിട്ടില്ലെന്നും ബിജെപി കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു. തെരുവിൽ ഇറങ്ങിയുള്ള പ്രതിഷേധം വേണ്ട എന്നത് തന്റെ വ്യക്തിപരമായ നിർദേശം ആയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർ ഇതിനെ അപലപിച്ചു. എന്നാൽ എൻഡിഎ നേതാക്കൾ ആരും ഇത് മോശമായി എന്ന് പറയാൻ തയ്യാറായിട്ടില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

സംഭവത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതിഷേധം രേഖപ്പെടുത്തി. സ്വതന്ത്രമായി സഞ്ചരിച്ച വോട്ട് പിടിക്കുക എന്നത് സ്ഥാനാർഥിയുടെ സ്വാതന്ത്ര്യമാണ്. തെരഞ്ഞെടുപ്പിൽ വിശ്വസിക്കാത്തവരാണ് സ്ഥാനാർഥിയെ തടഞ്ഞു നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് അതുപോലെ തടയാനും പ്രതിഷേധിക്കാനും ഉദ്ദേശ്യമില്ലെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
സംഭവത്തിൽ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ സൗത്ത് മേഖലയിൽ പര്യടനം നടത്തുന്നതിനിടെ സംഭവമുണ്ടായത്.

ബിജെപി കൗൺസിലർ സിന്ധു രാജന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകരാണ് സ്ഥാനാർഥിയെ തടഞ്ഞുവച്ചത്. ബിജെപിയുടെ ശക്തി കേന്ദ്രത്തിൽ വോട്ട് ചോദിക്കാൻ വരേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു തടഞ്ഞുവച്ചത്. പിന്നീട് സ്ഥാനാർഥിയായ രമേഷ് പിഷാരടി അവിടെ നിന്ന് മടങ്ങുകയായിരുന്നു.
യാതൊരു പ്രകാപനവും ഇല്ലാതെയാണ് തടഞ്ഞതെന്നും ജനാധിപത്യ സംവിധാനത്തിന് എതിരെയുള്ള നടപടിയാണ് ഉണ്ടായതെന്നും നേരത്തെ രമേഷ് പിഷാരടി പ്രതികരിച്ചിരുന്നു. സഞ്ചാര സ്വാതന്ത്ര്യം ഉൾപ്പെടെ തടഞ്ഞു. വോട്ട് ചോദിക്കാനുള്ള അവകാശമാണ് നിഷേധിച്ചത്. ഇത്തരം ഭീഷണികൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നും നിയമ നടപടിയുമായി ഇപ്പോൾ പോകാൻ ഉദ്ദേശ്യമില്ലെന്നും രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു.

എന്നാൽ പിഷാരടി നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൻ്റെ പേരിലാണ് തടഞ്ഞതെന്നായിരുന്നു സംഭവത്തിൽ ശോഭാ സുരേന്ദ്രൻ്റെ വിശദീകരണം. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടാൽ അത് അവരുടെ വ്യക്തിപരമായ കാര്യമെന്നാണ് പിഷാരടി പറഞ്ഞത്. ഇത് അംഗീകരിക്കാനാകില്ല. യുഡിഎഫ് സ്ഥാനാർഥിയുടേത് വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചിരുന്നു.

Related Articles

Back to top button