
നാദാപുരം: ഇയ്യങ്കോട് പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പുള്ളതില് പ്രേമലതയുടെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ കിണറില്‍ അകപ്പെട്ട രണ്ട് കാട്ടുപന്നുകളെയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയുടെ ഉത്തരവ് പ്രകാരം ലൈസന്‍സ് ഉള്ള ഷൂട്ടര്‍ കായക്കൊടി കയനാടത്ത് അശോകന് വെടിവച്ചുകൊന്നത്.
ഈ പ്രദേശത്ത് കുറച്ചു ദിവസങ്ങളായി രൂക്ഷമായ കാട്ടുപന്നി ശല്യമായിരുന്നു. പ്രദേശത്തുകാരുടെ ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് കാട്ടുപന്നികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെടിവെച്ചു കൊന്നത്.
ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ ലഭിച്ച പരാതി പ്രകാരം സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെകടര്‍ കെ. സതീഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ വാര്‍ഡ് മെമ്പര്‍ വാസു പുതിയപറമ്പത്തിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ വനം വന്യജീവി വകുപ്പിന്റെയും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും ഉത്തരവു പ്രകാരം പഞ്ചായത്ത് പ്രസിഡന്റിന് ലഭിച്ച അധികാരം ഉപയോഗിച്ചാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.





