
കോഴിക്കോട്: നിരോധിക്കപ്പെട്ടതിനോടാണു പൊതുവേ മനുഷ്യർക്ക് ആഭിമുഖ്യമെങ്കിലും യുവാക്കളെ നേരായ വഴിയിലേക്കു കൊണ്ടു വരികയെന്നത് ഓരോരുത്തരുടെയും ചുമതലയാണെന്നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്‌വൈഎസ് സംസ്ഥാന കമ്മിറ്റിയുടെ ‘വഹാബിസം, ലിബറലിസം, മതനിരാസം’ സംസ്ഥാന ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾ അവരവരുടെ ഇഷ്ടത്തിലേക്കു പോവുന്നതിൽ കുഴപ്പമില്ല. പക്ഷേ ആദർശം നഷ്ടപ്പെടുത്തരുത്. സമസ്തയുടെ സ്ഥാപനങ്ങളിൽ ആശയാദർശങ്ങൾ പൂർണമായും പഠിപ്പിക്കണമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസല്യാർ അധ്യക്ഷനായിരുന്നു.
ക്യാംപെയ്ൻ പ്രഖ്യാപനം എസ്‌വൈഎസ് സംസ്ഥാന ജന. സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർവഹിച്ചു. സുന്നി അഫ്കാറിന്റെ ക്യാംപെയ്ൻ സ്‌പെഷൽ പതിപ്പ് ജിഫ്രി തങ്ങൾ കാടാമ്പുഴ മൂസ ഹാജിക്കു നൽകി പ്രകാശനം ചെയ്തു. എസ്‌വൈഎസ് സെക്രട്ടറി കെ. മോയിൻ കുട്ടി, വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.മൂസക്കുട്ടി ഹസ്രത്ത്, എസ്‌വൈഎസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, എ.എം പരീത്, മുസ്തഫ മുണ്ടുപാറ തുടങ്ങിയവർ പ്രസംഗിച്ചു.
ക്യാംപെയ്ന്റെ ഭാഗമായി ജില്ലാതല സംഗമങ്ങൾ, പഞ്ചായത്ത്–നഗരസഭാ ബോധന സമ്മേളനങ്ങൾ, ആദർശ ദശദിന യാത്ര, ക്യാംപസ് ആദർശവർഷ മണ്ഡലം–മേഖലാതല ഡിബേറ്റ് കൂട്ടായ്മകൾ, 4,000 ആദർശ അവബോധ സംഗമങ്ങൾ, ലഘുലേഖ വിതരണം തുടങ്ങിയവ നടപ്പാക്കും.





