Palakkad
പാലക്കാട് സ്വകാര്യ ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവം; രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു

പാലക്കാട് : പാലക്കാട് ദീർഘദൂര സർവിസ് നടത്തുന്ന സ്വകാര്യ ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവം, രണ്ടുപേരുടെ മരണം സ്ഥിരീകരിച്ചു. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച രാവിലെ 7.45നാണ് അപകടം. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.
ജീവനക്കാർ ഉൾപ്പെടെ 38 പേരാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. മലപ്പുറം എടയത്തൂർ സ്വദേശിനി സൈനബയാണ് മരിച്ചവരിൽ ഒരാൾ.മരിച്ച രണ്ടാമത്തെയാൾ പുരുഷനാണ്. നിരവധി പേർക്ക് പരിക്കേറ്റതായും ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും പറയുന്നു. ബസിനടിയിൽപെട്ടവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് സമീപത്തെ ആശുപത്രികളിലെത്തിച്ചത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു.





