
പാലക്കാട്: ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ കരുത്തയായ ശോഭ സുരേന്ദ്രനെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥിയും ചലച്ചിത്ര താരവുമായ രമേശ് പിഷാരടിക്ക് ഉജ്ജ്വല വിജയം. 12,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിഷാരടി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
രമേശ് പിഷാരടി (UDF): 55,302 വോട്ടുകൾ
ശോഭ സുരേന്ദ്രൻ (NDA): 42,880 വോട്ടുകൾ
എൻ.എം.ആർ. റസാഖ് (LDF സ്വതന്ത്രൻ): 27,227 വോട്ടുകൾ
ബിജെപിയുടെ ‘എ പ്ലസ്’ മണ്ഡലങ്ങളിലൊന്നായ പാലക്കാട് വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ ശോഭ സുരേന്ദ്രൻ ലീഡ് ചെയ്തിരുന്നു. എന്നാൽ നഗരപ്രദേശങ്ങൾക്ക് പുറത്തുള്ള മേഖലകളിൽ നിന്നുള്ള വോട്ടുകൾ എണ്ണാൻ തുടങ്ങിയതോടെ രമേശ് പിഷാരടി ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർത്ഥി വോട്ടിന് പണം നൽകിയെന്ന ആരോപണം ഉയർന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
2011 മുതൽ ഷാഫി പറമ്പിലിലൂടെ യുഡിഎഫ് കാത്തുസൂക്ഷിക്കുന്ന മണ്ഡലമാണ് പാലക്കാട്. ഷാഫിക്ക് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും, പിന്നീട് ഉയർന്ന ലൈംഗികാരോപണങ്ങളും പാർട്ടിയിൽ നിന്നുള്ള പുറത്താക്കലും മണ്ഡലത്തിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ രമേശ് പിഷാരടിയെ ഇറക്കി മണ്ഡലം നിലനിർത്താനുള്ള കോൺഗ്രസ് തന്ത്രം വിജയിച്ചതായാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ബിജെപി ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന മണ്ഡലമായിട്ടും ശോഭ സുരേന്ദ്രന് രണ്ടാമത് എത്താനേ സാധിച്ചുള്ളൂ. അതേസമയം, ഇടതു സ്വതന്ത്രനായി മത്സരിച്ച എൻ.എം.ആർ. റസാഖ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.





