
രാമനാട്ടുകര : ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിൽ അഴിഞ്ഞിലം പടുവിൽ താഴത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിൽ ഇടിച്ച് ഗതാഗതം തടസ്സപ്പെട്ടു. കാരാട് ഭാഗത്തേക്ക് പേപ്പറുമായി വന്ന ലോറി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ കൊമ്പ് മുറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ലോറി ഡ്രൈവർക്ക് പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിൽനിന്ന് ലീഡിങ് ഫയർമാൻ സനലിന്റെ നേതൃത്വത്തിൽ ഫയർ സർവീസ് എത്തി മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി.





