
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 570 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ചാക്കുകളിൽ ബീഡി എന്ന പേരിൽ എത്തിയ പാർസൽ സംശയം തോന്നിയപ്പോഴാണ് തുറന്നു പരിശോധിച്ചത്. തുടര്‍ന്നാണ് സമാന പാര്‍സലുകളിൽ നിന്നായി 570 കിലോ ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
ആര്‍പിഎഫ്, എക്സൈസ് പരിശോധനയിലാണ് വലിയ കടത്ത് തടഞ്ഞ് സാധനങ്ങൾ കസ്റ്റഡിയിൽ എടുത്തത്. 570 കിലോയോളം തൂക്കം വരുന്ന ഉത്പന്നങ്ങൾക്ക് 25 ലക്ഷം മാർക്കറ്റിൽ വിലവരും. ഷാലിമാറിൽ നിന്ന് പാലക്കാട് കൊണ്ട് വന്നവയാണ് പിടിയിലായത്.
പുകയില ഉത്പന്നങ്ങൾ പാലക്കാട് എക്സൈസിന് കൈമാറി. ബംഗാളിൽ നിന്നാണ് പാർസൽ അയച്ചിരിക്കുന്നത്.ചാക്കുകളിൽ രേഖപ്പെടുത്തിയ വിലാസത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഇത്രയും അധികം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്, സമീപകാലങ്ങളിലെ വലിയ വേട്ടകളിലൊന്നാണ്.




