Ernakulam

പുതിയ ബദൽ മുന്നണി സാധ്യത തേടി അരവിന്ദ് കെജ്രിവാൾ കേരളത്തിൽ; ആപ് – ട്വന്‍റി ട്വന്‍റി സഖ്യപ്രഖ്യാപനം ഇന്ന്

Please complete the required fields.




കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ ബദൽ രാഷ്ട്രീയത്തിന്‍റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൊച്ചിയില്‍. ആംആദ്മിയും ട്വന്‍റി ട്വന്‍റിയും സഹകരിച്ച് പ്രവർത്തിക്കാൻ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കിഴക്കമ്പലത്തിൽ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ട്വൻ്റി ട്വൻ്റി ചീഫ് കോഓർഡിനേറ്റർ സാബു ജേക്കബും ചേർന്ന് തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നൽകും. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാൻ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയിൽ എത്തിയ കെജ്‌രിവാളുമായി സാബു ജേക്കബ് ചർച്ച നടത്തി.

കൊച്ചിയിൽ ആംആദ്മി നേതാക്കളുമായി രാവിലെ കെജ്‌രിവാൾ ചർച്ച നടത്തും. സംസ്ഥാനത്ത് പാർട്ടി വളർത്താൻ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോർട്ട് കെജ്‌രിവാളിന് മുന്നിൽ നേതാക്കൾ അവതരിപ്പിക്കും. പാർട്ടിയുടെ തുടർ നയങ്ങൾ തീരുമാനിക്കുന്നതിൽ കെജ്‌രിവാളിന്‍റെ നിലപാട് അന്തിമമാകും. വൈകീട്ട് കിഴക്കമ്പലത്തെ ട്വന്‍റി 20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റും ഗോഡ്സ് വില്ലയും കെജ്‌രിവാൾ സന്ദർശിക്കും. 5 മണിക്ക് കിറ്റക്സ് ഗാർമെന്‍റ്സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയിൽ കെജ്‌രിവാൾ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തിൽ കെജ്‌രിവാൾ ദില്ലിക്ക് മടങ്ങും.

ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തിൽ ബദൽ നീക്കങ്ങൾ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികൾക്ക് ഭീഷണി ഉയർത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി- 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാർത്ഥിയെ തൃക്കാക്കരയിൽ നിർത്താൻ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാൾ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാർട്ടികളും സംയുക്തമായി അറിയിച്ചത്. 

Related Articles

Leave a Reply

Back to top button