താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച വാട്ടര്‍ അതോറിറ്റിയുടെ ടാപ്പ് നീക്കം ചെയ്തു

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച വാട്ടര്‍ അതോറിറ്റിയുടെ ടാപ്പ് നീക്കം ചെയ്തു. താമരശ്ശേരി ടൗണില്‍ പൊതുജനങ്ങള്‍ക്ക് വെള്ളം ലഭിക്കാനുള്ള ഏക ടാപ്പാണ് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം ജീപ്പിടിച്ച് തകര്‍ന്ന പൈപ്പ് പുനസ്ഥാപിക്കുന്നതിന് പകരം ടാപ്പ് തന്നെ ഒഴിവാക്കിയ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തായി അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് വാട്ടര്‍ അതോറിറ്റിയുടെ ടാപ്പ് സ്ഥാപിച്ചത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപത്തെ വീടുകളിലേക്കും ഉള്‍പ്പെടെ ഇവിടെ നിന്നായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. കാലക്രമേണെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റു സൗകര്യങ്ങള്‍ ഒരുക്കി.
റോഡരികിലെ ടാപ്പ് യാത്രക്കാരും പൊതുജനങ്ങളും വെള്ളം കുടിക്കാനും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. പൈപ്പ് പൊട്ടുകയോ ടാപ്പ് കേടാവുകയോ ചെയ്താല്‍ പലപ്പോഴും നാട്ടുകാര്‍ പണം മുടക്കിയാണ് അറ്റകുറ്റ പണി നടത്തിയിരുന്നത്. അടുത്തിടെ ടാപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങിയതോടെ സമീപത്തെ വ്യാപാരി ഇതിന് അടപ്പിട്ട് വെള്ളം സംരക്ഷിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ഓടിച്ച ജീപ്പ് പൈപ്പ് തകര്‍ത്തത്.
ജീപ്പോടിച്ചയാള് പൈപ്പ് പുനസ്ഥാപിക്കാമെന്ന് ഉറപ്പ് നല്കിയതിനാല് നാട്ടുകാര്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റിയുടെ ജോലിക്കാരനെത്തി പൊതു ടാപ്പിലേക്കുള്ള കണക്ഷന് വിഛേദിക്കുന്നതാണ് പിന്നീട് നാട്ടുകാര്‍ കണ്ടത്. ഇത് അംഗീകരിക്കാനാവില്ലെന്നും പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരമുള്ള കുടിവെള്ള ടാപ്പ് പുനസ്ഥാപിക്കണമെന്നുമാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്.
വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കാനുള്ള പൈപ്പ് ഏത് സമയത്തും തകരാവുന്ന രീതിയിലാണ് സ്ഥാപിച്ചത്. ഇത് സുരക്ഷിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.





