കെഎസ്എഫ്ഇയിൽ നിന്നും വ്യാജ രേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ

മലപ്പുറം: കെഎസ്എഫ്ഇയുടെ ശാഖയിൽ നിന്നും വ്യാജ രേഖകൾ ഉപയോഗിച്ച് അരക്കോടിയോളം രൂപ തട്ടിയ മാനേജർ ഉൾപ്പെട്ട സംഘത്തിലെ 2 പേർ പിടിയിലായി. കൊണ്ടോട്ടിയിലെ ശാഖയിൽ നിന്നാണ് പണം തട്ടിയത്. സംഘത്തലവൻ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടിൽ ജയജിത്ത് (42), മാനേജർ കോഴിക്കോട് കോമേരി സ്വദേശി സൗപർണിക വീട്ടിൽ സന്തോഷ് (53) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചിട്ടി വായ്പാ തട്ടിപ്പുകളിലൂടെ 44 ലക്ഷത്തിൽ അധികം രൂപ കൊണ്ടോട്ടി കെഎസ്എഫ്ഇ ശാഖയിൽ നിന്നും ഇവർ തട്ടിയെടുത്തു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
2016-2018 കാലഘട്ടത്തിൽ ആയിരുന്നു തട്ടിപ്പ്. സന്തോഷ് അന്ന് കൊണ്ടോട്ടി കെ.എസ്.എഫ്. ഇ യുടെ ബ്രാഞ്ച് മാനേജർ ആയിരുന്നു. ഈ കാലഘട്ടത്തിൽ ഇയാളുടെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി ആളുകളുടെ പേരിൽ ലക്ഷങ്ങളുടെ കുറിയിൽ ചേരുകയും കുറി വിളിച്ചെടുക്കുകയും ചെയ്തു. ജയജിത്ത് വിവിധ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങൾ തട്ടുകയുമായിരുന്നു.
ചിട്ടി വിളിച്ച് എടുക്കുന്നതിന് പുറമെ ചിട്ടി സംഖ്യ കണക്കാക്കി വായ്പയും ഇവർ എടുത്തിരുന്നു. വായ്പകളുടെ ഉറപ്പായി നൽകുന്ന വസ്തുക്കളുടെ മൂല്യം ചിട്ടി സംഖ്യയേക്കാൾ അധികം വേണം എന്നാണ് ചട്ടം. എന്നാൽ അത്തരത്തിൽ ഗൗരവം ഉള്ള പരിശോധനകൾ ഒന്നും കൂടാതെ ആണ് വായ്പ അനുവദിച്ചിരുന്നത് എന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവ സമയം ഇയാൾ സർക്കാർ ഹോസ്റ്റൽ വാർഡനായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് ഇയാൾ വ്യാജ രേഖകൾ നിർമ്മിച്ചിരുന്നത്.
കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമയം നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പു പുറത്തായത്. തുടർന്ന് നിലവിലെ മാനേജർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്. 1 വർഷത്തോളമായി രണ്ടു പേരും സസ്പെൻഷനിലാണ്. കെ.എസ്.എഫ്. ഇയുടെ മറ്റു ശാഖകളിലും ഇവർ സമാനരീതിയിൽ ഉള്ള തട്ടിപ്പു നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആണ് പോലീസ് നടത്തുന്നത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആഡംബര ജീവിതമാണ് നയിച്ചു വന്നിരുന്നത്. കേസിൽ ആകെ 7 പ്രതികൾ ആണ് ഉള്ളത്. ഒരാൾ മരണപ്പെട്ടു. മറ്റു പ്രതികൾക്കുള്ള അന്വേഷണം ഊർജ്ജിതമാക്കി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, ഇൻസ്പക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി എസ് ഐ നൗഫൽ പ്രത്യേക സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയൻ, സബീഷ്, ഷബീർ, സുബ്രഹ്മണ്യൻ, പ്രശാന്ത് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.





