
താമരശ്ശേരി : തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലിൽ സ്വീകരിച്ച കേസിൽ, പൊതുവിടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കാൻ സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ആശ്വാസം നൽകുന്നതെന്ന് മലയോരത്തുള്ളവർ.
ബസ്സ്റ്റാൻഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്പോർട്സ് കോംപ്ലക്സുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുവിടങ്ങളിൽ നിന്ന് തെരുവുനായകളെ നീക്കം ചെയ്യാൻ നടപടി വേണമെന്നും സ്കൂളുകളുടെ കാര്യത്തിൽ ദിവസേനയുള്ള പരിശോധന വേണമെന്നുമുള്ള നിർണായക ഉത്തരവ് തെരുവുനായശല്യം രൂക്ഷമായ മലയോരത്തിന് നൽകുന്ന പ്രതീക്ഷ ചെറുതല്ല. ഉത്തരവ് നടപ്പാക്കണമെന്ന് മാത്രമാണ് മലയോരമേഖലയിലെ ജനങ്ങളുടെ അഭ്യർഥന.
തെരുവുനായ റോഡിന് കുറുകേ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ കൂടത്തായ്ബസാർ പൂവ്വോട്ടിൽ വി.എം. ആയിശ(49) എന്ന വീട്ടമ്മയുടെ മരണമായിരുന്നു അതിലെ ഏറ്റവുമൊടുവിലത്തെ സംഭവം. ഒക്ടോബർ നാലിന് രാത്രി ഈങ്ങാപ്പുഴ കാക്കവയലിലെ ബന്ധുവിന്റെ വിവാഹ സത്കാരത്തിൽ പങ്കെടുക്കുന്നതിനായി മകന്റെ ബൈക്കിന് പുറകിലിരുന്ന് പോകവേയായിരുന്നു ആയിശയുടെ ജീവൻ പൊലിഞ്ഞത്. തൊട്ടടുത്ത ദിവസം ദേശീയപാതയിലെ പുതുപ്പാടി നെരൂക്കുംചാലിൽ വെച്ച് രാത്രി തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നീ രണ്ട് യുവതികൾക്ക് പരിക്കേറ്റിരുന്നു.
മൂന്നുവർഷം മുമ്പാണ് താമരശ്ശേരിയിൽ മക്കളെ സ്കൂൾബസിൽ കയറ്റിവിടാൻ പോയ ഫാത്തിമത്ത് സാജിദ എന്ന വീട്ടമ്മ, തെരുവുനായകളെ ഭയന്ന് കാൽതെറ്റി റോഡിലേക്ക് വീണ് മക്കളുടെ കൺമുന്നിൽ അതിവേഗത്തിലെത്തിയ ടിപ്പർലോറിക്കടിയിൽപ്പെട്ട് മരിച്ചത്.താമരശ്ശേരി പഴയ ബസ്സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ്, ചുങ്കം, പുതുപ്പാടി ഈങ്ങാപ്പുഴയിലെ ബസ് സ്റ്റാൻഡ്, കട്ടിപ്പാറ ചമൽ, ചുണ്ടൻകുഴി തുടങ്ങി മലയോരത്തെ പല സ്ഥലങ്ങളിലും രാപകൽ ഭേദമെന്യേ തെരുവുനായശല്യം. രൂക്ഷമാണ്. താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ രാത്രി വൈകിയാൽ തെരുവുനായശല്യം കാരണം യാത്രക്കാരിലേറെയും കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തേക്കുപോയി ഇരിക്കാറില്ല.





