Kozhikode

ചേരയെ കൊന്നാൽ പണി കിട്ടും; മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കുമെന്ന് വനം വകുപ്പ്

Please complete the required fields.




കോഴിക്കോട്: ചേരയെ കൊന്നാൽ ഇനി മൂന്നുവർഷംവരെ തടവ് ശിക്ഷ വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചേരയെ കൊല്ലുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം മൂന്നുവർഷത്തിൽ കുറയാത്ത തടവു ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ വ്യക്തമാക്കി.

പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് വന്യജീവികളെ നാല് ഷെഡ്യൂളുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചേരയും നീർക്കോലിയുംമുതൽ മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയ ഇനം പാമ്പുകളെല്ലാം ഏറ്റവും പ്രാധാന്യമുള്ള ഒന്നാം ഷെഡ്യൂളിലാണ്. ആനയും സിംഹവും കടുവയും കുരങ്ങുമെല്ലാം ഇതിലുൾപ്പെടും. ഇവയെ കൊന്നാൽ മൂന്നുവർഷത്തിൽ കുറയാതെ ഏഴുവർഷംവരെ തടവുശിക്ഷ ലഭിക്കാം. 25,000 രൂപ പിഴശിക്ഷയും ലഭിക്കും. കാട്ടുപന്നിയടക്കമുള്ളവ രണ്ടാം ഷെഡ്യൂളിലാണ്. നീലക്കാള പുള്ളിമാൻ, ചിലയിനം പക്ഷികൾ തുടങ്ങിയവ ഈ ഷെഡ്യൂളിലുണ്ട്. നാട്ടിലിറങ്ങി ശല്യമുണ്ടാക്കുന്ന കാട്ടുപന്നിയെ ഇപ്പോൾ വെടിവെക്കാൻ അനുമതിയുണ്ടെങ്കിലും ഈ ഷെഡ്യൂളിലെ മറ്റുമൃഗങ്ങളെ കൊന്നാൽ മൂന്നുവർഷംവരെ തടവോ 25,000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം

ചേരയെ കൊന്നതിൻ്റെ പേരിൽ ആരെയെങ്കിലും ശിക്ഷിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർക്കും ധാരണയില്ല. എന്നാൽ കൊല്ലുന്നത് കുറ്റകരമാണെന്ന് അവർ പറയുന്നു. സാധാരണ കാണുന്ന എലികൾ, വാവൽ, പേനക്കാക്ക എന്നിവയെ കൊന്നാൽ ശിക്ഷയില്ല. ചിലയിനം എലികളും വാവലുകളും ആക്‌ടിൻ്റെ കീഴിൽ വരുന്നുണ്ട്. തേനീച്ച, കടന്നൽ എന്നിവയെ സംസ്ഥാന സർക്കാർ 2024-ൽ വന്യജീവികളുടെ കൂട്ടത്തിൽപ്പെടുത്തിയെങ്കിലും ഇവയെ വന്യജീവി സംരക്ഷണനിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇവയെ നീക്കംചെയ്യേണ്ട ചുമതല വനംവകുപ്പിനില്ല. ഈ ജീവികളുടെ കുത്തേറ്റ് മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്ന നടപടികൾ ലഘൂകരിക്കാൻ വേണ്ടിയാണ് ഇവയെ വന്യജീവിപ്പട്ടികയിലാക്കിയത്.

Related Articles

Back to top button